മലപ്പുറം ഗവ. കോളജില്‍ വീണ്ടും സംഘര്‍ഷം
മലപ്പുറം: റാഗിങ്ങിന് പരാതി കൊടുത്തതിനെ ചൊല്ലി മലപ്പുറം ഗവ. കോളജില്‍ വീണ്ടും സംഘര്‍ഷം. എം.എസ്.എഫ്-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എം.എസ്.എഫ് പ്രവര്‍ത്തകനും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് ആഷിഖ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമീര്‍ ഹസ്സന്, മൂന്നാം വര്‍ഷ വിദ്യാര്‍ഥി പ്രവീണ്‍ എന്നിവരെ പരുക്കുകളോടെ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. പൊലിസ് കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ മുന്‍പ് ഒന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥിയായ മുഹമ്മദ് ആഷിഖിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തെന്നു കാണിച്ച് മലപ്പുറം പൊലിസില്‍ പരാതി നല്‍കിയിരുന്നു. മുടിവെട്ടണമെന്നും മറ്റും ആവശ്യപ്പെട്ടാണ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ മുഹമ്മദ് ആഷിഖിനെ മര്‍ദിച്ചത്.
പരുക്കേറ്റ ആഷിഖ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളജിന് ഒരു ദിവസം അവധി നല്‍കിയിരുന്നു. പിന്നീട് കോളജ് അധികൃതരുടേയും വിദ്യാര്‍ഥി പ്രതിനിധികളുടേയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ഉച്ച ഭക്ഷണ വിശ്രമത്തിന് ശേഷം ക്ലാസിലേക്ക് പോവുകയായിരുന്ന ആഷിഖിനെ ചിലര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു.
റാഗിങ് കേസ് കൊടുത്തത് ചോദ്യം ചെയ്തായിരുന്നു അക്രമം. അതേസമയം ഉച്ചഭക്ഷണ ശേഷം തിരിച്ചു വരികയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫിന്റെ നേതൃത്വത്തില്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."