ഒ.ഡി.എഫ്: നിര്‍മാണം പൂര്‍ത്തിയായത് 3,889 ശൗചാലയങ്ങള്‍ മാത്രം
മലപ്പുറം: സംസ്ഥാനത്തെ സമ്പൂര്‍ണ ഒ.ഡി.എഫ് (ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ) സംസ്ഥാനമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 3889 ശൗചാലയങ്ങള്‍ മാത്രം. ഈ മാസം 30ന് ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രഖ്യാപിച്ചിരുന്നത്. ഇതനുസരിച്ച് 24 ദിവസത്തിനുള്ളില്‍ ഇനി പൂര്‍ത്തിയാക്കേണ്ടത് 9523 ശൗചാലയങ്ങളാണ്. 13412 ശൗചാലയങ്ങളാണ് ജില്ലയില്‍ നിര്‍മിക്കേണ്ടത്. ഇതില്‍ 10583 എണ്ണത്തിന് മാത്രമാണ് ഇതുവരെ കരാര്‍ വെച്ചത്. 2829ന് ഇതുവരെ കരാര്‍ വെച്ചിട്ടില്ല.
ജില്ലയിലെ 94 പഞ്ചായത്തുകളില്‍ 27എണ്ണം മത്രമാണ് ഇതുവരെ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. ഈനില തുടര്‍ന്നാല്‍ 30ന് ജില്ലാ തല പ്രഖ്യാപനം നടത്താനാവില്ലെന്നാണു വിലയിരുത്തല്‍. ആദിവാസി മേഖലകളിലാണു കൂടുതല്‍ ശൗചായങ്ങള്‍ നിര്‍മിക്കാനുള്ളത്. ഇവിടങ്ങളിലേക്കു നിര്‍മാണ സാമഗ്രികള്‍ എത്തിക്കുവാനുള്ള ബുദ്ധിമുട്ടാണു നിര്‍മാണം വൈകാനുള്ള പ്രധാന കാരണം. ശൗചലായം നിര്‍മിക്കേണ്ട 600ഓളം സ്ഥലങ്ങളിലേക്കു വാഹനസൗകര്യമില്ല. കിലോമീറ്ററുകളോളം നടന്നാണ് ഇവിടങ്ങളിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നത്. ഇതുകാരണം ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.
സ്വച്ഛഭാരത് മിഷന്‍ മുഖേന 15,400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിനു നല്‍കുന്നത്. 12,000രൂപ കേന്ദ്രസര്‍ക്കാറും 3,400 രൂപ തദ്ദേശ സ്ഥാപനങ്ങളുമാണു നല്‍കേണ്ടത്. തീരപ്രദേശങ്ങളിലും അതീവ ഗുരുതരപ്രദേശങ്ങളിലും 25,400 രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം പദ്ധതിക്കുള്ള കേന്ദ്രഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ പദ്ധതിക്കുള്ള മുഴുവന്‍ തുകയും പഞ്ചായത്തുകള്‍ കണ്ടെത്തേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. ഈ തുക കണ്ടെത്തിയാല്‍ത്തന്നെ 15,400 രൂപയ്ക്ക് ഒരു ശൗചാലയം നിര്‍മിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനയും തൊഴിലാളികളുടെ കൂലിയൂം കൂടിയാകുമ്പോള്‍ ഈ തുക മതിയാവില്ല. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന തുകയുടെ ബാക്കി കണ്ടെത്താന്‍ സാധിക്കുകയുമില്ല. ഇതുകാരണവും ചിലയിടങ്ങളില്‍ പദ്ധതി പൂര്‍ത്തിയാവാക്കാനാവാത്ത അവസ്ഥയുണ്ട്. പൊതുസ്ഥലങ്ങളില്‍ ഉപയോഗശ്യൂന്യമായി കിടക്കുന്ന ശൗചാലയങ്ങള്‍ പുതുക്കിനിര്‍മിക്കാനും പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ചിട്ടുള്ള പൊതുശൗചാലയങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉപയോഗിക്കുന്നവയാണെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വൃത്തിഹീനമായ നിലയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."