ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
പറവൂർ (കൊച്ചി): കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ കിടക്കുകയാണെന്നും അതിനെ രക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നറേറ്റീവുകളും പ്രചാരണങ്ങളും യഥാർഥ ആരോഗ്യകേരളത്തിന്റെ ചിത്രമല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരൺ, ഹൃദ്യം, ജെ.എസ്.എസ്.കെ. തുടങ്ങിയ പദ്ധതികൾ പൂർണമായി നിലച്ചുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവിസസ് കോർപറേഷന് കോടികളുടെ കുടിശ്ശിക വരുത്തിയതാണ് മരുന്ന് ലഭ്യതക്കുറവിന് കാരണം. കുടിശ്ശിക നൽകാത്തതിനാൽ മരുന്ന് വിതരണ കമ്പനികൾ 30 ശതമാനം വരെ വില വർധിപ്പിച്ചു. കോവിഡ് കാലത്ത് മരണസംഖ്യ മറച്ചുവച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്, “ചക്ക വീണ് ചത്തവരെ കോവിഡ് മരണത്തിൽ കൂട്ടില്ല” എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാൽ, പിന്നീട് 27,000 കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവച്ചതായി വെളിപ്പെട്ടു.
“ഇപ്പോൾ ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്,” സതീശൻ കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് കൊള്ളലാഭം നേടിയെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളെ സി.എ.ജി. റിപ്പോർട്ടും ശരിവച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. നിയമസഭയിലും തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളാണ് ഡോ. ഹാരിസ് സ്ഥിരീകരിച്ചത്. “സർജറിക്ക് തുന്നിക്കെട്ടാൻ നൂലുപോലും ഇല്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജുകളിൽ. സർക്കാർ ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളുമില്ല. രോഗികൾ കടം വാങ്ങി സർജിക്കൽ ഉപകരണങ്ങളുമായി എത്തേണ്ട ഗതികേടാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.
മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്ന നിരവധി കമ്പനികൾ സേവനം നിർത്തി. 2025 മാർച്ചിൽ നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും, “റിപ്പോർട്ട് തേടും” എന്ന നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയിൽ നിന്നുണ്ടായത്. “ഈ മന്ത്രി തേടിയ റിപ്പോർട്ടുകൾ കൂട്ടിവച്ചാൽ നിരവധി വോള്യങ്ങൾ വേണ്ടിവരും,” സതീശൻ പരിഹസിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു.ഡി.എഫ്. ഹെൽത്ത് കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."