വീടിനായി പാര്‍ട്ടി ഓഫിസ് പൊളിച്ചുമാറ്റി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി
കുന്നുംകൈ : സമീപ വീട്ടുകാര്‍ക്കു വേണ്ടി പാര്‍ട്ടി ഓഫിസ് പൊളിച്ചു മാറ്റി മാതൃകയായിരിക്കുകയാണ് പരപ്പ എടത്തോട്ടുള്ള മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എടത്തോട് ടൗണിന്റെ ഹൃദയ ഭാഗത്ത് ഒടയംഞ്ചാല്‍ റോഡില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച പാര്‍ട്ടി ഓഫിസാണ് കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയത്. പരേതനായ കൊവ്വല്‍ ഹസ്സന്‍ ദാനമായി നല്‍കിയ രണ്ടു സെന്റ് ഭൂമിയില്‍ നിര്‍മിച്ച ലീഗ് ഓഫിസാണ് കൊവ്വല്‍ ഹസ്സന്റെ മകളുടെ മകന്‍ ഷുക്കൂര്‍ നിര്‍മിക്കുന്ന വീടിനായി പൊളിച്ചു മാറ്റിയത്.
വീടിന്റെ ജോലി ഏറെക്കുറെ പൂര്‍ത്തിയായതോടെ അസൗകര്യം മനസ്സിലാക്കി ഷുക്കൂറും കുടുംബവും എടത്തോട്ടെ ലീഗ് നേതൃത്വത്തെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു യോഗം ചേര്‍ന്നു പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം രണ്ടു സെന്റ് ഭൂമിയിലുള്ള കെട്ടിടം പൂര്‍ണമായും പൊളിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. 1995 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി സി.ടി അഹമ്മദലിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത് . കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മേഖലയിലെ സ്വന്തം കെട്ടിടത്തിലെ ആദ്യ ഓഫിസായിരുന്നു ഇത്. ഇതിനു പകരമായി വീട്ടുടമയായ ഷുക്കൂര്‍ മറ്റൊരു സ്ഥലത്ത് രണ്ടു സെന്റ് ഭൂമി ഓഫിസ് പണിയാന്‍ നല്‍കിയിട്ടുണ്ട്. അവിടെ പുതിയ ഓഫിസ് പണിത് പ്രവര്‍ത്തനം തുടരാനുള്ള തീരുമാനത്തിലാണ് എടത്തോട്ടെ ലീഗ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."