സ്വകാര്യ ബസുകള്‍ക്കു പിന്നാലെ കെ.എസ്.ആര്.ടി.സി ബസുകളും മുങ്ങുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതിനു പിന്നാലെ ട്രാന്‍സ്പോര്‍ട്ട് ബസുകളും ഇതേ പാത തുടരുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. കാഞ്ഞങ്ങാട് കാസര്‍കോട് ദേശീയപാത റൂട്ടിലാണു കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ക്കു പിന്നാലെ ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ പലതും സര്‍വിസ് മുടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉത്രാട നാളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ യാത്രക്കാര്‍ ബസ് കാത്തുനിന്നത് മൂന്നു മണിക്കൂറോളമാണ്. കണ്ണൂര്‍ കാസര്‍കോട് റൂട്ടില്‍ 40 ഓളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കി കൊണ്ട് കെ.എസ്.ആര്.ടി.സി റൂട്ട് ഏറ്റെടുത്തതോടെയാണ് ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ദുരിതം ആരംഭിച്ചത്.
ടി.ടി ബസുകള്‍ കൂടുതലായി ഇറക്കി ആളുകളെ വലക്കുന്നതിനിടയിലാണ് ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ക്ക് പിന്നാലെ കെ.എസ്.ആര്.ടി.സി ബസുകളും പാതയില്‍ നിന്നും മുങ്ങുന്നത്.
നാമ മാത്രമായ സ്വകാര്യ ബസുകളാണ് ലിമിറ്റഡ്, ഓര്ഡിനറികളായി ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.
ഇതില്‍ ഭൂരിഭാഗം ബസുകളും ഞായറാഴ്ചകളില്‍ വിവാഹ ചടങ്ങുകള്‍ക്കും മറ്റുമായി ഓട്ടം പോകുന്നതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പാതയോരത്ത് സന്ധ്യാ സമയങ്ങളിലും മറ്റുമായി മണിക്കൂറുകളോളം ബുദ്ധിമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."