റബര്‍ എസ്റ്റേറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സ്‌കാനറും, പ്രിന്ററും കണ്ടെത്തി
വടക്കാഞ്ചേരി: പാര്‍ളിക്കാട് വ്യാസ എന്‍.എസ്.എസ് കോളജ് പരിസരത്തെ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ വില കൂടിയ സ്‌കാനറും, പ്രിന്ററും കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചാക്കിലാക്കി പാറയിടുക്കില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു മെഷീനുകള്‍. പ്രിന്ററില്‍ ഉപയോഗിക്കുന്ന വിവിധ കളറുകളിലുള്ള മഷിയും, മഷിയില്‍ ചേര്‍ക്കുന്ന കെമിക്കലും, സ്‌കാനറും പ്രിന്ററും തമ്മില്‍ ബന്ധിപ്പിക്കുന്ന വയറുകളുമൊക്കെ ചാക്കില്‍ നിന്ന് കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
വടക്കേകളം പ്ലാന്റേഷനില്‍ തൊഴിലാളികളും ജനങ്ങളും അധികം എത്താത്ത സ്ഥലത്തെ വലിയ പാറയിടുക്കിലാണ് മെഷീനുകള്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. റബ്ബര്‍ വെട്ടാനെത്തിയ തൊഴിലാളികളാണ് ആദ്യം ചാക്ക് കെട്ട് കാണുന്നത്.
തുടര്‍ന്ന് മാനേജര്‍ ഷിബുവിനെ വിവരം അറിയിക്കുകയും ഷിബു നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനെ വിളിച്ച് വരുത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലിസില്‍ വിവരമറിയിച്ചത്. സി.ഐ ടി.എസ് സിനോജിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് സംഘം മെഷീനുകള്‍ കസ്റ്റഡിയിലെടുത്തു. റബര്‍ എസ്റ്റേറ്റില്‍ എങ്ങിനെ സ്‌കാനറും, പ്രിന്ററും എത്തി എന്ന ചോദ്യം പൊലിസിനേയും കുഴക്കുകയാണ്. ആരെങ്കിലും മോഷ്ടിച്ച് ഇവിടെ നിക്ഷേപിച്ചതാണോ എന്ന സംശയവും പൊലിസിനുണ്ട്. വിശദമായ അന്വേഷണം നടന്ന് വരുകയാണെന്ന് സി.ഐ ടി.എസ് സിനോജ് സുപ്രഭാതത്തോട് പറഞ്ഞു. അതിനിടെ മെഷീനുകള്‍ ഏതെങ്കിലും കള്ളനോട്ടടി സംഘത്തിന്റേതെന്ന സംശയവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."