ഓണം, ബലി പെരുന്നാള്‍ വിപണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫറുകളുടെ പെരുമഴ; മാവേലി സ്‌റ്റോറുകളെ ജനം കൈവിടുന്നു
പാലക്കാട്: ഓണം, ബലിപെരുന്നാള്‍ പ്രമാണിച്ചു ചെറുതും വലുതുമായ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകാര്‍ പലവ്യഞ്ജന സാധനങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും വിലകുറച്ചു വില്‍ക്കുന്നു. എന്നാല്‍ മാവേലിസ്റ്റോറുകളിലും, സപ്ലൈക്കോ മാര്‍ക്കറ്റുകളിലും ഇവയ്ക്ക് വില കൂടുതലുമാണ്. കഴിഞ്ഞ മാസം ടെന്‍ഡര്‍ നല്‍കിയ വിലക്കാണ് മാവേലി സ്റ്റോറുകളില്‍ ഇപ്പോഴും സാധനങ്ങള്‍ വിളിക്കുന്നതെന്ന് പരാതിയുണ്ട്. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തി ചുരുങ്ങിയ വിലക്ക് പലവ്യഞ്ജനങ്ങള്‍ വില്‍ക്കേണ്ട സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞമാസത്തെ കൂടിയ വിലക്കാണ് സാധങ്ങള്‍ വില്‍ക്കുന്നത്
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഇവയെത്തുന്നത്. അവിടെ കഴിഞ്ഞ മാസത്തേക്കാള്‍ 40 ശതമാനം വില കുറവാണ്. സ്വകാര്യ മാര്‍ക്കറ്റുകള്‍ അവിടെ നിന്ന് സാധനങ്ങള്‍ നേരിട്ട് വാങ്ങികൊണ്ടുവന്നാണ് കേരളത്തില്‍ മാവേലി, സപ്ലൈക്കോ സ്റ്റോറുകളെക്കാള്‍ കുറഞ്ഞ വിലക്ക് നല്‍കുന്നത്. നല്ല ഓഫറുകള്‍ നല്‍കുന്നതിനാല്‍ കച്ചവടവും പൊടിപൊടിക്കുന്നു.
കഴിഞ്ഞമാസം പൊള്ളാച്ചി മാര്‍ക്കെറ്റില്‍ കിലോ 140 രൂപയുള്ള പരിപ്പിന് ഇന്നലെ 90 രൂപയായി കുറഞ്ഞു. സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഇപ്പോഴും 140 തന്നെ. ചെറുപയറിന് 70 രൂപയാണ് വില, കഴിഞ്ഞമാസം 130 രൂപയായിരുന്നു. 160 രൂപയായിരുന്ന വറ്റല്‍ മുളകിന് ഇപ്പോള്‍ 130 രൂപയെ വിലയുള്ളൂ. ഇത് പോലെ എല്ലാ പലവ്യജ്ഞനങ്ങള്‍ക്കുംവില കുറഞ്ഞത് സര്‍ക്കാരിന്റെ ന്യായവില കേന്ദ്രങ്ങള്‍ അറിഞ്ഞിട്ടില്ല. ആവശ്യമുള്ള പല സാധനങ്ങളും സപ്ലൈക്കോ വിപണ കേന്ദ്രങ്ങളില്‍ കിട്ടാനില്ലെന്ന പരാതിയുമുണ്ട്. ഓണം അടുത്ത സാഹചര്യത്തില്‍ ചുരുങ്ങിയ നിരക്കില്‍ സാധങ്ങള്‍ വിറ്റഴിക്കാന്‍ തയാറായില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ട്ടം ഉണ്ടാവും. ഓണവും, ബലി പെരുന്നാളും മുന്നില്‍ കണ്ട് കോടികളുടെ സാധനങ്ങളാണ് സപ്ലൈകോ വാങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."