കണ്ണമ്പ്ര സഹകരണ ബാങ്ക് ഉപോഭോക്താക്കള്‍ക്ക് കോര്‍ ബാങ്കിങ് സൗകര്യപ്രദം: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: കണ്ണമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്കിലെ 10000 ത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്നതാണ് ഇവിടെ ആരംഭിക്കുന്ന കോര്‍ ബാങ്കിങ് സംവിധാനമെന്ന് നിയമ, സാസ്‌കാരിക , പിന്നോക്ക ക്ഷേമ മന്ത്രി എ.കെ.ബാലന്‍. കണ്ണമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് ഗ്രൗണ്ടില്‍ കോര്‍ബാങ്കിങ് ആന്‍ഡ് മെഗാഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍ബാങ്കിങ് സംവിധാനം സജ്ജമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് കണ്ണമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കല്ലിംഗല്‍ പാടം, പുതുക്കോട് ശാഖകളില്‍ നിന്ന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ 2396 കുടുംബങ്ങള്‍ക്കായി ഒരു കോടി 76 ലക്ഷം രൂപ വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളായി ബാങ്ക് ഏജന്റുമാര്‍ മുഖേന വിതരണം ചെയ്തു കഴിഞ്ഞു. വിലനിയന്ത്രണത്തിനായി പൊതുവിതരണ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുവരികയാണ്. സംസ്ഥാനത്തെ 1,52000 ത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് 12 കോടി രൂപ ചിലവില്‍ 800 രൂപ നിരക്കിലുള്ള ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഗുണമേന്മയുള്ള അരി, പഞ്ചസാര, പരിപ്പ് , ചെറുപയര്‍, മുളക് എന്നിവ ഉള്‍പ്പെട്ട കിറ്റ് വിതരണോദ്ഘാടനം ഈ മാസം ഒന്‍പതിന് വയനാട്ടില്‍ നിര്‍വ്വഹിക്കും. ആദിവാസി പ്രാക്തന വിഭാഗക്കാര്‍ക്കായി ഓണപ്പുടവ വിതരണവും നടക്കുന്നുണ്ട്. 800 രൂപ നിരക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ 300 രൂപ സബ്‌സിഡി നിരക്കില്‍ പൊതു വിപണിയില്‍ ലഭ്യമാക്കി വരുന്നുണ്ട്.
ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് കേരള പശ്ചാത്തല വികസന മേഖല ഫണ്ട് രൂപീകരിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയതായും റിസര്‍വ് ബാങ്ക് അംഗീകരിച്ചതായും മന്ത്രി പരിപാടിയില്‍ അറിയിച്ചു. ഇതു വഴി തൊഴില്‍, നിര്‍മാണ പ്രവര്‍ത്തന മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കണ്ണമ്പ്രയില്‍ 500 ഏക്കര്‍ ഭൂമിയില്‍ കൊച്ചി - പാലക്കാട് വ്യവസായ കോറിഡോറിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും മതസൗഹാര്‍ദ, ഐശ്വര്യപൂര്‍ണ്ണ കേരളമാണ് സംജാതമായിരിക്കുന്നതെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി, പഞ്ചായത്ത് പ്രസിഡന്റ് സി.റജിമോന്‍, അസിസ്റ്റന്റ് രജിസട്രാര്‍ സഹദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."