ഹജ്ജ് സമയത്തെ ഭക്ഷണവിതരണ ചുമതല മുത്വവ്വിഫുമാര്‍ക്ക്
മക്ക: വിശുദ്ധ ഹജ്ജിനു തുടക്കം കുറിക്കുന്ന ദിനം മുതല്‍ ഹാജിമാര്‍ക്കുള്ള ഭക്ഷണവിതരണം മുത്വവ്വിഫുമാരുടെ ചുമതലയില്‍. ഹജ്ജിനു പ്രാരംഭമാകുന്ന ദുല്‍ഹിജ്ജ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ഹാജിമാരുടെ ഭക്ഷണം മുത്വവ്വിഫുമാര്‍ വിതരണം ചെയ്യുക. ഇതിനായുള്ള കൂപ്പണുകള്‍ ഇതിനകം തന്നെ വിതരണം ആരംഭിച്ചിട്ടുണ്ട്.
ഹാജിമാര്‍ ചടങ്ങിനെത്തുന്ന മിനായിലും മറ്റു പുണ്യ സ്ഥലങ്ങളിലും ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ലാത്തതിനാലാണ് ഭക്ഷണവിതരണം മുത്വവ്വിഫുമാര്‍ മുഖേന നല്‍കുന്നത്. അതേ സമയം, ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഹാജിമാര്‍ക്ക് ക്യാംപുകളില്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങി. തര്‍ബിയത്തിന്റെ ദിനമെന്നറിയപ്പെടുന്ന ആദ്യ ദിവസമായ ദുല്‍ഹിജ്ജ എട്ടിന് ശനിയാഴ്ച്ച ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക് കണക്കിലെടുത്തു വെള്ളിയാഴ്ച രാത്രി തന്നെ ഹാജിമാരെ മക്കയില്‍ നിന്നും മിനായിലെ താമസ സ്ഥലത്തു എത്തിക്കുമെന്നാണറിയുന്നത്. വെള്ളിയാഴ്ച്ച രാത്രി ഇതിനായി സജ്ജമായിരിക്കാനാണ് ഹാജിമാര്‍ക്ക് നിര്‍ദേശം.
ആഭ്യന്തര ഹാജിമാരുടെയും യാത്രക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍, ഇനിയും അനുമതി പത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര യാത്രക്കാരുടെ യാത്ര വൈകിപ്പിക്കാനാണ് സാധ്യത. വ്യക്തിഗത ഹജ്ജ് പെര്‍മിറ്റ് ഏകദേശം ലഭിച്ചുവെങ്കിലും ഫാമിലികളുടെ ഹജ്ജ് പെര്‍മിറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവിനു അവസാനമായി, ഹജ്ജ് ടെര്‍മിനല്‍ ഇന്ന് താല്‍ക്കാലികമായി അടക്കും. കരമാര്‍ഗ്ഗമുള്ള തീര്‍ഥാടകരുടെ വരവ് നേരത്തെ അവസാനിച്ചിരുന്നുവെങ്കിലും ലോകത്തിന്റെ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ അവസാന സംഘങ്ങള്‍ പുണ്യ ഭൂമിയിലേക്ക് സെപ്തംബര്‍ ആറോടെ എത്തിച്ചേരാനുള്ള ഒഴുക്ക് അന്തിമഘട്ടത്തിലാണ്. 14 ലക്ഷം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷം, ഇതുവരെ 12 ലക്ഷത്തോളം ഹാജിമാരാണ് പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്. ബാക്കിയുള്ള ഹാജിമാര്‍ തൊട്ടടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും. (കേളത്തില്‍ നിന്നുള്ള തീര്‍ഥാടകരെ വഹിച്ചുള്ള അവസാന വിമാനം തിങ്കളാഴ്ച എത്തിച്ചേര്‍ന്നിരുന്നു ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."