കശ്മീര്‍ വിഘടനവാദീ നേതാക്കളുടെ പ്രത്യേക സുരക്ഷ ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദീ നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഉന്നത സുരക്ഷയടക്കമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. കശ്മീര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിഘടനവാദീ നേതാക്കള്‍ വിട്ടുനിന്നതാണ് ഇവര്‍ക്കെതിരെ നടപടിക്കൊരുങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
യോഗ തീരുമാനങ്ങളും അനുബന്ധ സംഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നു രാവിലെ രാജ്‌നാഥ് സിങ് കൈമാറിയിരുന്നു. പിന്നാലെ, അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ചയും നടത്തി.
ഹുറിയ്യത്ത് നേതാവ് സയിദ് അലി ഷാ ഗിലാനി അടക്കമുള്ളവര്‍ക്ക് ഇപ്പോഴുള്ള ഉന്നത സുരക്ഷ ചുരുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗിലാനിയെ യോഗത്തിനു ക്ഷണിക്കാന്‍ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവര്‍ എത്തിയെങ്കിലും വാതില്‍ തുറക്കാന്‍ ഗിലാനി തയ്യാറായിരുന്നില്ല.
ഗിലാനിയെക്കൂടാതെ അവാമി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്ക് എന്നിവര്‍ക്ക് ഇപ്പോള്‍ എയര്‍പ്പോട്ട് ആനുകൂല്യം, സര്‍ക്കാര്‍ വസതി, സൗജന്യ മെഡിക്കല്‍ സേവനം എന്നിവ അനുവദിക്കുന്നുണ്ട്. ഇതു നിര്‍ത്തലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."