മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി
റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ ഇ.ഡി അറസ്റ്റു ചെയ്തു. ഛത്തീസ്ഗഢ് മദ്യനയ അഴിമതിക്കേസിലാണ് ബാഗലിന്റെ മകന്‍ ചൈതന്യയെ ഇ.ഡി അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിന്റെ വസതിയില്‍ നടന്ന പരിശോധനയക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് മുന്‍ വാണിജ്യ, നികുതി മന്ത്രി കവാസി ലഖ്മയെ ഈ വര്‍ഷം ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ മദ്യ സിന്‍ഡിക്കേറ്റിന്റെ ഭാഗമായി നടന്ന തട്ടിപ്പിന്റെ ഫലമായി കവാസി ലഖ്മയ്ക്ക് എല്ലാ മാസവും വന്‍തുക ലഭിച്ചിരുന്നതായി ഇഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ നടത്തുന്ന മദ്യശാലകള്‍ വഴി നാടന്‍ മദ്യം വില്‍ക്കുന്നതുള്‍പ്പെടെ ഈ അഴിമതിയില്‍ നിരവധി വശങ്ങളുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ലെന്നും എല്ലാം മദ്യ മാഫിയയിലേക്കാണ് പോയതെന്നും ഇഡി ആരോപിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്താണ് ഈ അഴിമതി നടന്നതെന്നാണ് ആരോപണം. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുന്നില്ലെന്ന കുറ്റം ചുമത്തി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ വന്‍ പൊലിസ് സേനയുടെ അകമ്പടിയോടെയാണ് ചൈതന്യ ബാഗലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ദുര്‍ഗ് ജില്ലയിലെ ഭിലായിലുള്ള ബാഗലിന്റെ വീട് റെയ്ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ബാഗലിന്റെ വസതിയില്‍ മാര്‍ച്ചിലും റെയ്ഡ് നടന്നിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതി കേസില്‍ സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബാഗലിനെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
അതേസമയം മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചുകൊണ്ട് ബാഗല്‍ എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രിയേയും അമിത് ഷായേയും പരിഹസിച്ചു. തന്റെ മകന് ജന്മദിന സമ്മാനം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറയുന്നു, 'ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തും ആര്‍ക്കും ഇത്തരം ജന്മദിന സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയില്ല,' ബാഗല്‍ കുറിച്ചു.
'എന്റെ ജന്മദിനത്തില്‍, എന്റെ ഉപദേഷ്ടാവിന്റെയും സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഓഫീസര്‍മാരുടേയും വീടുകളിലേക്ക് ഇ.ഡിയെ അയച്ചു. ഇപ്പോള്‍, എന്റെ മകന്‍ ചൈതന്യയുടെ ജന്മദിനത്തില്‍, ഇ.ഡി എന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. ഈ സമ്മാനങ്ങള്‍ക്ക് നന്ദി. ഞാന്‍ ഇത് ജീവിതകാലം മുഴുവന്‍ ഓര്‍ക്കും,' ഭൂപേഷ് ബാഗല്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഉപയോഗിച്ച് കേന്ദ്രം എതിരാളികളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.
In a major development in the Chhattisgarh liquor policy corruption case, the Enforcement Directorate (ED) has arrested Chaitanya Baghel, son of former CM Bhupesh Baghel, on his birthday over money laundering allegations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."