ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍
കൊടകര: ബൈക്കിലെത്തി സ്ത്രീകളെ ആക്രമിച്ചു മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം കൊടകര സി.ഐ കെ.സുമേഷിന്റെയും, എസ്.ഐ ജിബു ജോണിന്റെയും പിടിയിലായി. തളിക്കുളം പത്താംകല്ല് നൂല്‍പാടത്ത് വീട്ടില്‍ ഷിജിര്‍ (24), നാട്ടിക പന്ത്രണ്ടാംകല്ല് അമ്പലത്ത് വീട്ടില്‍ സിനാര്‍ (20) എന്നിവരെയാണ് ചാലക്കുടി ഡി.വൈ.എസ്.പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പുറകില്‍ നമ്പറില്ലാത്ത ബൈക്കില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളാണെന്ന് തെളിഞ്ഞത്. ഓഗസ്റ്റ് 20ന് മതിലകം കൈപ്പമംഗലത്ത് അണലശ്ശേരി ഷണ്മുഖന്റെ ഭാര്യ സത്യയുടെ മാല തട്ടിയെടുത്തത് ഇവരാണെന്നു പൊലിസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കൊടകരയില്‍ മറ്റൊരു സ്ത്രീയുടെ മാല മോഷ്ടിച്ചെങ്കിലും അത് മുക്ക് പണ്ടമായിരുന്നു. ഒരു മാസം മുമ്പ് ആണ് ഇവര്‍ മോഷണം ആരംഭിച്ചത്. ഒരു പ്രമുഖ റെഡിമെയ്ഡ് വസ്ത്രത്തിന്റെ മോഡല്‍ ആയ സിനാര്‍ ആണ് മോഷണത്തിന്റെ ആസൂത്രകന്‍. ഇയാളുടേതാണ് ബൈക്ക്.
ഓടിക്കുന്നതും സിനാര്‍ തന്നെ. ഷിജിര്‍ പുറകിലിരുന്നു മാല പൊട്ടിക്കും. ബാംഗ്ലൂരില്‍ 30 ലക്ഷം രൂപ വില വരുന്ന ഒരു റെഡിമെയ്ഡ് ഷോപ്പ് വാങ്ങാനായിരുന്നു ഇവര്‍ മാല മോഷണം തെരഞ്ഞെടുത്തതെന്ന് പൊലിസ് പറഞ്ഞു. ഇവരെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ കെ.ബി ദിനേഷ്, സി.പി.ഒ എം.എസ് ഷിജു എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."