പന്താട്ടത്തിൽ മുങ്ങി തലയാട്ടം; ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് 20 റൺസിന്റെ തോൽവി
വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ തോല്‍വി. വിശാഖപട്ടണത്ത് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനാണ് സാധിച്ചത്. എം എസ് ധോണി (16 പന്തില്‍ പുറത്താവാതെ 37) സീസണല്‍ ആദ്യമായി ബാറ്റിംഗിനെത്തിയ മത്സരം കൂടിയായിരുന്നിത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി മതീഷ പതിരാന മൂന്ന് വിക്കറ്റെടുത്തു.
മോശം തുടക്കമായിരുന്നു ചെന്നൈക്ക്. രചിന്‍ രവീന്ദ്ര (12 പന്തില്‍ 2) താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. റുതുരാജ് ഗെയ്കവാദ് (1) ആവട്ടെ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുളളപ്പോള്‍ രചിനും മടങ്ങി. പിന്നീട് അജിന്‍ക്യ രഹാനെ (30 പന്തില്‍ 45) - ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മധ്യ ഓവറുകളില്‍ ഇരുവരും വീണതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. ശിവം ദുബെ (18), സമീര്‍ റിസ്വി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജഡേജയാവട്ടെ (21) ക്രീസില്‍ നന്നായി ബുദ്ധിമുട്ടി. ധോണിയാണ് പിന്നീട് ചെന്നൈയുടെ ഇന്നിംഗ്‌സിന് ജീവന്‍ നല്‍കിയത്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.
നേരത്തെ ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - പൃഥ്വി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ മുസ്തഫിസുര്‍ പുറത്താക്കി. 10-ാം ഓവറില്‍ പതിരാനയുടെ തകര്‍പ്പന്‍ ക്യാച്ചാണ് വാര്‍ണറുടെ പുറത്താകലിന് വഴിവച്ചത്. മൂന്ന് സിക്‌സും അഞ്ച് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അടുത്ത ഓവറില്‍ പൃഥ്വിയുടെ മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ എം എസ് ധോണിക്ക് ക്യാച്ച്. തുടര്‍ര്‍ന്ന് വന്ന മിച്ചല്‍ മാര്‍ഷിനേയും (18), ട്രിസ്റ്റണ്‍ സ്റ്റബ്‌സിനേയും (0) പതിരാന അടുത്തടുത്ത പന്തുകളില്‍ മടക്കി.
പിന്നീട് പന്ത് പുറത്തെടുത്ത പോരാട്ടവീര്യമാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പതിരാനയെറിഞ്ഞ 19-ാം ഓവറിലാണ് പന്ത് മടങ്ങുന്നത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ പട്ടേല്‍ (7), അഭിഷേക് പോറല്‍ (9) പുറത്താവാതെ നിന്നു. പതിരാനയ്ക്ക് പുറമെ ജഡേജ, മുസ്തഫിസുര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."