എക്‌സൈസ് സംഘവും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം
ദേശമംഗലം: ആറങ്ങോട്ടുകരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ഒരു വിഭാഗം നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം. ഒടുവില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ച് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പഴയ ദുര്‍ഗാ തിയ്യേറ്ററിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ ചീട്ടുകളിയിലേര്‍പ്പെട്ടിരുന്ന സംഘത്തില്‍ ഒരാളെ പൊതു സ്ഥലത്ത് വെച്ച് ലഹരി ബീഡി വലിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
ഓണക്കാലത്തോടനുബന്ധിച്ച് നടക്കുന്ന ഊര്‍ജിത പരിശോധനകളുടെ ഭാഗമായിട്ടാണ് തൃത്താല എക്‌സൈസ് റെയ്ഞ്ചിന്റെ കീഴിലുള്ള വാവന്നൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ ചീട്ടുകളിയിലേര്‍പ്പെട്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയിലാണ് ആറങ്ങോട്ടുകര സ്വദേശി ഉണ്ണികൃഷ്ണന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളെ ജീപ്പില്‍ കയറ്റിയതോടെ ഒരു വിഭാഗം നാട്ടുകാര്‍ ജീപ്പ് വളയുകയും നിയമാനുസൃതമല്ല അറസ്റ്റെന്ന് വാദിക്കുകയുമായിരുന്നു. പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."