പഠന പ്രതിസന്ധി നീങ്ങി; പുനര്‍വിന്യസിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജോലിക്കെത്തി
മങ്കട: പുനര്‍വിന്യസിച്ച അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തിയതോടെ അധ്യാപക സ്ഥലംമാറ്റം മൂലം ഹയര്‍സെക്കന്‍ഡറി മേഖലയിലുണ്ടായ അനിശ്ചിതത്വത്തിനു വിരാമം. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ചിട്ടും മാറ്റം ലഭിച്ച സ്‌കൂളുകളില്‍ ഹാജരാവാതെ അസൗകര്യം കാണിച്ചു അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച അധ്യാപകരാണ് അപ്പീലുകളിന്മേലുള്ള അന്തിമ വിധിയെത്തുടര്‍ന്നു ജോലിക്കെത്തിയത്. വിഷയത്തിന്റെ ഗൗരവം സംബന്ധിച്ച് 'സുപ്രഭാതം' റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലായത്.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ച അധ്യാപകരാണ് നേരത്തേ ഹരജി തള്ളിയിട്ടും ബന്ധപ്പെട്ട സ്‌കൂളുകളില്‍ ഹാജരാവാതെ പഠന പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഇതുമൂലം ചില സ്‌കൂളുകളില്‍ ഒരേ വിഷയത്തില്‍ ഒന്നിലധികം അധ്യാപകര്‍ ജോലിയില്‍ തുടര്‍ന്നതും ചില സ്‌കൂളുകളില്‍ ആരും പ്രവേശിക്കാത്തതുമായ സ്ഥിതി വിശേഷമുണ്ടായി. സ്ഥലംമാറ്റ ഉത്തരവു നിലവിലുള്ളതിനാല്‍ താല്‍ക്കാലിക ദിവസവേതന നിയമനം നടത്താനാവാതെയും ഇത്തരം സ്‌കൂളുകള്‍ കുഴങ്ങിയിരുന്നു . സംസ്ഥാനത്ത് 118 സ്‌കൂളുകളിലാണ് ഇതു മൂലം പഠനപ്രതിസന്ധി നേരിട്ടത്. കഴിഞ്ഞ ജൂണില്‍ പ്രവേശനം നേടേണ്ടിയിരുന്ന ഇവര്‍ എത്താത്തതിനാല്‍ പഠന പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു.
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ചിട്ടും മാറാതെ ട്രൈബ്യൂണലിന്റെ അപ്പീല്‍ വിധി പ്രതീക്ഷിച്ച് കാത്തിരുന്നതാണ് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാല്‍ ഇവരില്‍ പലരും കാണിച്ച അസൗകര്യം ന്യായമെല്ലെന്നു കണ്ട ട്രൈബ്യൂണല്‍ നേരത്തേ അപേക്ഷ തള്ളിയിരുന്നു. അപേക്ഷകളിന്‍മേല്‍ തീര്‍പ്പായതോടെ മുഴുവന്‍ അധ്യാപകരും കഴിഞ്ഞ ദിവസം ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശിച്ചു. നിലവിലുള്ള അവസ്ഥ തുടരാനുള്ള ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവാണ് ഇത്തരം അധ്യാപകര്‍ സ്‌കൂളുകളിലെത്താതിരുന്നതിനു കാരണമെന്നാണ് വിവരം.
എന്നാല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ജോയിന്റ് ടൈം കാണിച്ചു ഉത്തരവിട്ടിരുന്നെങ്കില്‍ പ്രശ്‌നം നേരത്തേ പരിഹരിക്കാമായിരുന്നു എന്നു അധ്യാപകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. മാസങ്ങളോളം പഠനപ്രവര്‍ത്തനം താളം തെറ്റിയെങ്കിലും അധ്യാപകര്‍ എത്തിയതോടെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."