സേവന വേതന വ്യവസ്ഥകളില്‍ പരിഷ്‌കാരങ്ങളില്ലാതെ മലബാര്‍ ദേവസ്വം ബോര്‍ഡ്
കോഴിക്കോട്: സേവന വേതന വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റങ്ങളില്ലാതെ മലബാര്‍ ദേവസ്വം ബോര്‍ഡ്. കൊച്ചി ദേവസ്വം ബോര്‍ഡും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കാലോചിതമായി പരിഷ്‌കരിക്കുകയും സേവന വേതന വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോടുള്ള അവഗണന തുടര്‍ക്കഥയാവുന്നത്.
1951 ലെ ആക്ട് റൂള്‍ നിലനിര്‍ത്തിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ സമാന തൊഴിലാളികളെ ആറു വിഭാഗങ്ങളിലായി തിരിച്ചാണ് നിലവില്‍ ശമ്പളം നല്‍കുന്നത്. എന്നാല്‍ തൊഴിലാളികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡോ.കെ ജയകുമാര്‍ ഐ.എ.എസ് അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ഈ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായ ജ്യോതിലാല്‍ ഐ.എ.എസിനോട് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതോടെ റിപ്പോര്‍ട്ട് അസ്ഥാനത്താവുകയായിരുന്നു.
ദേവസ്വം ബോര്‍ഡിനു കീഴിലെ തൊഴിലാളികളുടെ ശമ്പള വര്‍ധനവ് കാലോചിതമായി നടപ്പാക്കുക, അര്‍ഹതപ്പെട്ട ആനുകൂല്യം തൊഴിലാളികള്‍ക്ക് നല്‍കുക, അഞ്ചു ലക്ഷം വരെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ തൊഴിലാളികള്‍ക്കാവശ്യമായ ആനുകൂല്യം ദേവസ്വം ബോര്‍ഡ് നല്‍കുക, അഞ്ചു മുതല്‍ 15 ശതമാനം വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ 70 ശതമാനം ദേവസ്വം ബോര്‍ഡും 30 ശതമാനം ക്ഷേത്രവും വഹിക്കുക, 15 മുതല്‍ 25 ശതമാനം വരെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക് 50 ശതമാനം വീതം ബോര്‍ഡും ക്ഷേത്രവും വഹിക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് കെ.ജയകുമാര്‍ കമ്മിഷന്‍ കഴിഞ്ഞ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്.
മാത്രമല്ല നിലവില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഒരേ നിയമവും പ്രവര്‍ത്തനവും ഫണ്ടുമാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ഓരോ ക്ഷേത്രത്തിനും വ്യത്യസ്ത നിയമവും പ്രവര്‍ത്തനവുമാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 2012 മുതലുള്ള ആയിരത്തോളം ജീവനക്കാരുടെ ശമ്പള കുടിശിക തടഞ്ഞുവച്ചിരിക്കുന്നത്.
നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് പരാതിനല്‍കിയിരിക്കുകയാണ് യൂനിയന്‍ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."