ആറുദിവസത്തില്‍ കെ.എസ്.ആര്‍.ടി.സി ഓടി നേടിയത് 27കോടി
തിരുവനന്തപുരം: കറുകുറ്റി ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടിയതു മൂലം കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേടിയത് 27 കോടി. അപകടം നടന്ന ഓഗസ്റ്റ് 28 മുതല്‍ ഈമാസം രണ്ടുവരെയുള്ള ആറുദിവസത്തെ വരുമാനമാണിത്. ദേശീയ പണിമുടക്കു ദിനമായ സെപ്റ്റംബര്‍ രണ്ടിന് വരുമാനം കുത്തനെ കുറഞ്ഞെങ്കിലും ഈ ദിവസത്തെ വരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ അഞ്ചുദിവസം കൊണ്ട് തൊട്ടു മുന്‍പത്തെ ആഴ്ചയില്‍ ലഭിച്ചതിനേക്കാള്‍ 1.64 കോടി രൂപ ലാഭമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കു സാധിച്ചു.
തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനിന്റെ പന്ത്രണ്ട് കോച്ചുകളാണ് കഴിഞ്ഞ മാസം 28 ന് ആലുവയ്ക്കും കറുകുറ്റിക്കും ഇടയില്‍ പാളംതെറ്റിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മന്ദഗതിയിലായതോടെ കെ.എസ്.ആര്‍.ടി.സി സജീവമായി നിരത്തിലിറങ്ങി. അപകടം നടന്ന ദിവസത്തെ വരുമാനം മാത്രം 5.13 കോടിയാണ്. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഇതേ ദിവസത്തെ വരുമാനം 4.90 കോടിയായിരുന്നു. 23.85 ലക്ഷം രൂപയാണ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനമായി നേടാനായത്. അന്ന് 4413 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 348 എണ്ണം ലോഫ്‌ളോര്‍ ബസുകളായിരുന്നു. 52.73 ലക്ഷംരൂപയാണ് ലോഫ്‌ളോര്‍ ബസുകളില്‍ നിന്നുള്ള വരുമാനം. 27.56 ലക്ഷം യാത്രക്കാര്‍ അപകട ദിവസം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചു.
രണ്ടാം ദിനത്തില്‍ വരുമാനം 5.97 കോടിയായി വര്‍ധിച്ചു. മുന്‍ ആഴ്ചയില്‍ ഇതേ ദിവസത്തെ വരുമാനം 5.55 കോടിയായിരുന്നു. 42.15 ലക്ഷം രൂപയാണ് അധികമായി കെ.എസ്.ആര്‍.ടി.സി ഓടി നേടിയത്. മൂന്നാം ദിവസത്തെ വരുമാനം 5.11 കോടിയാണ്. മുന്‍ ആഴ്ചയിലെ ഇതേ ദിവസത്തെ അപേക്ഷിച്ച് 2.28 ലക്ഷം രൂപയാണ് അധികം നേടിയത്. 4.82 കോടിയാണ് നാലാം ദിവസത്തെ വരുമാനം. അന്ന് 45.50 ലക്ഷം രൂപയുടെ വര്‍ധനയാണുണ്ടായത്. അഞ്ചാം ദിവസം നേടിയത് 5.39 കോടിയാണ് . മുന്‍ ആഴ്ചയിലെ അപേക്ഷിച്ച് 50.68 ലക്ഷം രൂപയാണ് അധികമായി ലഭിച്ചത്. ആറാം ദിവസം ദേശീയ പണിമുടക്കായിരുന്നെങ്കിലും 435 ഷെഡ്യൂളുകള്‍ ഓപ്പറേറ്റു ചെയ്തു. അന്നത്തെ വരുമാനം 71.13 ലക്ഷംരൂപയായി കുത്തനെ കുറഞ്ഞു. പണിമുടക്ക് ദിവസം മാറ്റി നിര്‍ത്തി പരിശോധിക്കുമ്പോള്‍ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍ കുറയ്ക്കാതെ ഓട്ടം തുടര്‍ന്നാല്‍ കടക്കെണിയില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജീവനക്കാര്‍.
ആദ്യം ഞെട്ടി, പിന്നെ ജീവനക്കാര്‍ക്ക് മന്ത്രിയുടെ വക അഭിനന്ദനം
ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഡിപ്പോകള്‍ പണയം വെക്കേണ്ട ഗതികേടിലായ കെ.എസ്.ആര്‍.ടി.സിയുടെ ആറു ദിവസത്തെ വരുമാനക്കുതിപ്പുകണ്ട് വകുപ്പുമന്ത്രി ആദ്യം ഞെട്ടി. പിന്നെ സന്തോഷം കൊണ്ട് ജീവനക്കാരെ അഭിനന്ദിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസമാണിപ്പോള്‍ മന്ത്രിക്കുള്ളത്. അതിനുദാഹരണമാണ് ആറു ദിവസത്തെ വരുമാനം. ആകെ 5840 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്യുന്നത്.
എന്നാല്‍ മുഴുവന്‍ ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍, പെര്‍മിറ്റ്, ക്ലിയറന്‍സ് എന്നിവ ലഭിക്കാത്ത സ്‌കാനിയ അടക്കമുള്ള ബസുകളും കൂടി നിരത്തിലിറങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി ലാഭകരമാകുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകള്‍ (പ്രത്യേകിച്ച് പാസഞ്ചറുകള്‍) സമയക്രമം പാലിക്കാതെ ഓടുന്നതും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കും. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി നൂതന സംവിധാനങ്ങള്‍ വകുപ്പില്‍ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."