ആറന്‍മുളയ്ക്കു പകരം പുതിയ വിമാനത്താവളം: സാധ്യതാപഠനം തുടങ്ങി
ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിനുള്ള സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞ സാഹചര്യത്തില്‍ പുതിയ വിമാനത്താവള പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം തുടങ്ങി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ സഹകരണത്തോടെ വിമാനത്താവള നിര്‍മാണം ലക്ഷ്യമിടുന്നത്. അമേരിക്ക ആസ്ഥാനമായുള്ള എയ്‌ക്കോം എന്ന കമ്പനിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്. കണ്ണൂര്‍ വിമാനത്താളവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കിയതും ഇതേ കമ്പനിയാണ്. ഇതിനായി ഡല്‍ഹിയിലും പത്തനംതിട്ടയിലും ഓഫിസ് തുറന്നതായി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് ഡയറക്ടര്‍ രാജീവ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ വിമാനത്താവളത്തിനായി മധ്യ തിരുവിതാംകൂറില്‍ കണ്ടെത്തിയ എല്ലാ സ്ഥലങ്ങളേയും കുറിച്ചുള്ള പ്രാഥമിക സര്‍വേ തുടങ്ങി. 20 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുകയും തുടര്‍ന്ന് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചശേഷം കേന്ദ്ര സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.
മധ്യതിരുവിതാംകൂറില്‍ പാട്ടക്കാലാവധി കഴിഞ്ഞ റബര്‍ എസ്റ്റേറ്റുകളാണ് വിമാനത്താവളത്തിനായി പരിഗണിക്കുന്നത്. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള ഈ എസ്റ്റേറ്റുകളില്‍ ഏറ്റവും യോജിച്ച സ്ഥലം സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം വിമാനത്താവളത്തിനായി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ മോഡലില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എയര്‍പോര്‍ട്ട് പദ്ധതിയാണ് ഇന്‍ഡോ- ഹെറിറ്റേജ് കമ്പനി മധ്യതിരുവിതാംകൂറില്‍ ലക്ഷ്യമിടുന്നത്. 2500 കോടിയുടെ പദ്ധതിയാണിത്. ആവശ്യമായ അനുമതികള്‍ നേടിയെടുത്തശേഷം പദ്ധതിക്കുള്ള പണം ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കും പ്രദേശവാസികള്‍ക്കും പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ അവസരം ആദ്യഘട്ടത്തില്‍ നല്‍കും. ഡയറക്ടര്‍മാരായ റോയ് ഡാനിയേല്‍, ഒ.എന്‍ തങ്കപ്പന്‍, എം.യു തങ്കച്ചന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."