പോളിയോയും തളര്‍ത്തിയില്ല മനക്കരുത്തിന്റെ സൗന്ദര്യമായി രാജേഷ്
പത്തനംതിട്ട: മനക്കരുത്താണ് ഏറ്റവും വലിയ സൗന്ദര്യമെന്നു കാട്ടിത്തരുകയാണ് അടൂര്‍ ഏനാത്ത് മെതുകുമ്മേല്‍ ഉമ്മരപ്പള്ളി വീട്ടില്‍ രാജേഷ് ജോണ്‍ എന്ന ഇരുപത്തിയെട്ടുകാരന്. നാലാം വയസില്‍ പോളിയോ രോഗമുണ്ടാക്കിയ വൈകല്യത്തെ പൊരുതിത്തോല്‍പ്പിച്ച രാജേഷ് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ഈ വര്‍ഷം നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ അയര്‍ലന്റില്‍ നടക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് വിഭാഗം ലോക ശരീര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ്.
ഇതുസംബന്ധിച്ച് നാഷനല്‍ അമേച്വര്‍ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന് സെക്രട്ടറി നീരജ് മോഹന്‍ദാസിന്റെ അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എന്നാല്‍, മത്സരത്തില്‍ പങ്കെടുക്കാനുള്ള യാത്രാ ചെലവിനുള്ള പണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രാജേഷും കുടുംബവും. ഫിസിക്കലി ചലഞ്ച്ഡ് വിഭാഗത്തില്‍ അഞ്ചുതവണ മിസ്റ്റര്‍ കേരളയും മൂന്നുതവണ ദേശീയ ചാംപ്യനും ആയിട്ടുണ്ട്. 2009, 2011, 2013 വര്‍ഷങ്ങളിലാണ് ദേശീയ ചാംപ്യനായത്.
പോളിയോ ബാധിച്ചതിനാല്‍ കമ്പിയിട്ട കാലുകളുമായാണ് രാജേഷ് മത്സരത്തിനിറങ്ങുന്നത്. ചികിത്സ നടത്തിയെങ്കിലും കാലിന്റെ ബലക്ഷയം പരിഹരിക്കാനായില്ല. പ്ലസ്ടുവിന് ശേഷം ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ രാജേഷ് യാദൃശ്ചികമായാണ് ബോഡി ബില്‍ഡിങ് രംഗത്തെത്തുന്നത്. ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന് സെക്രട്ടറി വി.സി അരുണ്‍കുമാറാണ് രാജേഷിനെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. എറണാകുളം സ്വദേശി അരുണ്‍രാജാണ് ഇപ്പോഴത്തെ പരിശീലകന്. നിരന്തര പരിശീലനമുണ്ടെങ്കില്‍ ആര്‍ക്കും ഈ രംഗത്ത് ശ്രദ്ധേയരാകാമെന്ന് രാജേഷ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് ജോണിനൊപ്പം ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന് പ്രസിഡന്റ് ആന്റണി ഉമ്മന്‍, ജോ. സെക്രട്ടറി ജയചന്ദ്രന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."