ഗണേശോത്സവം; എം.കെ മുനീര്‍ നിലവിളക്ക് കൊളുത്തിയത് വിവാദമാകുന്നു
കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന ഗണേശോത്സവത്തില്‍ എം.കെ മുനീര്‍ എം.എല്‍.എ നിലവിളക്കു കൊളുത്തിയത് വിവാദമാകുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കല്ലിട്ടനടയില്‍ ശിവസേനയുടെ നിയന്ത്രണത്തിലുള്ള ഗണേശ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തതും നിലവിളക്കു കൊളുത്തിയതും സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായി മാറിയതോടെ മുനീര്‍ പ്രതികരണവുമായി രംഗത്തെത്തി.
തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരായ 1,500 ഓളം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌നേഹവായ്പ് പ്രകടിപ്പിക്കല്‍ തന്റെ ധാര്‍മിക ബാധ്യതയായതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ മുനീര്‍ ന്യായീകരിക്കുന്നു. ഈ നടപടിയില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും മുനീര്‍ ആവശ്യപ്പെടുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് ഒരു പൊതുപരിപാടിയില്‍ നിലവിളക്കുകൊളുത്താന്‍ വിസമ്മതിച്ചത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.
ചില യുവനേതാക്കള്‍ നിലവിളക്കു കൊളുത്താമെന്ന നിലപാട് സ്വീകരിച്ചെങ്കിലും നിലവിളക്ക് കൊളുത്തരുതെന്ന നിലപാടാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതി ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. സി.എച്ചും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കളും നിലവിളക്കുകൊളുത്തുന്നതില്‍ വിയോജിപ്പ്് പ്രകടിപ്പിച്ചവരായിരുന്നു. ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിന് ഭരണഘടന പ്രത്യേകമായരീതി നിര്‍ദേശിച്ചിട്ടില്ലെന്നായിരുന്നു ലീഗ് നിലപാടിന് ന്യായീകരണമായി പറഞ്ഞിരുന്നത്.
അതേസമയം, നിലവിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ അതിരൂക്ഷമായ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സുധാകരനെ പൂര്‍ണമായും തള്ളിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."