മീറ്റര്‍ റീഡര്മാരില്ല; വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ളത് കോടികള്‍
കോഴിക്കോട്: മീറ്റര്‍ റീഡര്മാരില്ലാത്തതിനാല് വാട്ടര്‍ അതോറിറ്റിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. മീറ്റര്‍ റീഡിങ് കാര്യക്ഷമമായി നടക്കാത്തതിനാല്‍ 620 കോടിയോളം രൂപയാണ് കുടിശ്ശികയിനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ളത്.
2000 കോടി രൂപക്കടുത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ നിയമനം നടത്താതെ അധികൃതര്‍ അലംഭാവം കാണിക്കുന്നത്. താല്‍ക്കാലികക്കാരെ മീറ്റര്‍ റീഡിങ് ജോലിയില്‍ തിരുകിക്കയറ്റുന്നതും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തുള്ള 19 ലക്ഷം വാട്ടര്‍ കണക്ഷനുകളിലെ റീഡിങ് എടുക്കാന്‍ ആകെ 375 ജീവനക്കാരാണുള്ളത്. 1194 ജീവനക്കാര്‍ വേണ്ടിടത്താണ് ഇത്രയും കുറവനുഭവപ്പെടുന്നത്. നിലവിലുള്ള റാങ്ക്ലിസ്റ്റിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കേ മൂന്നുമാസത്തേക്കുകൂടി നീട്ടി ഉത്തരവിറക്കിയിരുന്നു. 305 പേരുടെ ലിസ്റ്റില്‍ 85പേര്‍ക്ക് ഇനിയും നിയമനം ലഭിച്ചിട്ടില്ല. ഇത്രയും ഒഴിവുകള്‍ നിലനില്‍ക്കേ പ്രതിസന്ധി ഇല്ലാതാക്കാനാണ് താല്‍ക്കാലികമായി ജോലിക്കാരെ നിയമിച്ചത്. കുടുംബശ്രീ, മഹിളാ പ്രധാന് ഏജന്റുമാര്‍ തുടങ്ങിയവരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ഗാര്‍ഹികേതര കണക്ഷനുകളില്‍ നിന്നുള്‍പ്പെടെ ലഭിക്കാനുള്ള പണം കൃത്യമായി ഈടാക്കാന്‍ കഴിയുന്നില്ലെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. നഗരപ്രദേശങ്ങളില്‍ 800 വീടുകളിലും ഗ്രാമങ്ങളില്‍ 600 വീടുകളിലുമാണ് ഒരു ജീവനക്കാരന് റീഡിങ് നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."