സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യക്കും ബ്രിട്ടണും ഒരുപോലെ ഗുണം, നിരവധി വസ്തുക്കളുടെ വില കുറയും, തൊഴില്‍സാധ്യതകൂടും; കേരളത്തിനും മെച്ചം | India-UK Trade Deal
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്രവ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍നിന്നുള്ള ഇറക്കുമതിക്ക് തീരുവ കുറയ്ക്കുന്നതുവഴി ബ്രിട്ടീഷ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയും. സമാനമായി ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് തീരുവ കുറച്ചത് ഇന്ത്യന്‍ വിപണിയിലും അനുകൂലഫലം ഉണ്ടാക്കും. തൊഴില്‍ വിപണി തുറന്നത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ഗുണംചെയ്യും. കരാറോടെ 2030 ആവുമ്പോഴേക്കും ബ്രിട്ടണിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ജനുവരിയില്‍ ആരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകളുടെ പര്യവസാനമാണ് ഇന്നലത്തെ സ്വതന്ത്ര വ്യാപാര കരാറിലെത്തിയത്.
കരാര്‍മുലം ഇന്ത്യക്കുള്ള പ്രധാന നേട്ടങ്ങള്‍
* ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍, ജെംസ് ആന്‍ഡ് ജ്വല്ലറി, ഓട്ടോ പാര്‍ട്‌സുകളും എന്‍ജിനുകളും, ഫര്‍ണിച്ചര്‍, സ്‌പോര്‍ട്‌സ് വസ്തുക്കള്‍, വിവിധ രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ ഉള്‍പ്പെടെ ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനം തീരുവയും ഇല്ലാതാകും. നിലവില്‍ ഈ ഉല്‍പ്പന്നങ്ങളില്‍ പലതിനും ബ്രിട്ടണ്‍ നാല് മുതല്‍ 16 ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ട്.
* എട്ട് മുതല്‍ 12 ശതമാനം വരെയാണ് ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കുള്ള തീരുവ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ ഇന്ത്യന്‍ കയറ്റുമതി 40 ശതമാനമായി ഉയരും.
* സ്വര്‍ണം, വജ്ര ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ നികുതിരഹിതമാകുന്നത് ഇന്ത്യയിലെ ചെറുകിട, ഇടത്തരം കയറ്റുമതിക്കാര്‍ക്കും ആഡംബര ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും ഉത്തേജനം നല്‍കും.
* ഇന്ത്യയില്‍ നിന്നുള്ള ജെനറിക് മരുന്നുകള്‍ക്കായി ബ്രിട്ടണിലെ ആരോഗ്യമേഖല തുറന്നുകൊടുക്കുന്നതുവഴി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കുള്ള അംഗീകാരനടപടിക്രമങ്ങളും എളുപ്പമാക്കും.
* ഇന്ത്യന്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിര്‍മ്മാതാക്കള്‍ക്കും ക്വാട്ട സംവിധാനത്തിന് കീഴില്‍ ബ്രിട്ടണിലേക്കുള്ള പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും.
കേരളത്തിനും നേട്ടം
ഇന്ത്യയില്‍നിന്നുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ബസ്മതി അരി, ചെമ്മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേയില എന്നിവയുടെ തീരുവയും വെട്ടിക്കുറയ്ക്കും. ഇത് കേരളം, അസം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിപണിക്ക് ഉത്തേജനം നല്‍കും. കാര്‍ഷിക രാസവസ്തുക്കള്‍, വ്യാവസായിക രാസവസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ തീരുവയും നീക്കും. ഇത് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയില്‍നിന്നുള്ള രാസ കയറ്റുമതി ഇരട്ടിയാകും.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് മെച്ചം
തൊഴില്‍ നിയമങ്ങളും വിസ നടപടിക്രമങ്ങളും കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടണില്‍ ജോലി ചെയ്യുന്നതും കരാര്‍ എളുപ്പമാക്കി. ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന തൊഴിലുകളുടെ പരിധി ബ്രിട്ടണ്‍ വിപുലീകരിക്കും. ബ്രിട്ടണില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ സാമൂഹിക സുരക്ഷാ ഇനത്തില്‍ നികുതി നല്‍കേണ്ടിയും വരില്ല.
ഇന്ത്യയില്‍ വില കുറയന്നവ
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സാല്‍മണ്‍, ചോക്ലേറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബിസ്‌കറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതോടെ അവയുടെ വിലയും ഇടിയും. ബ്രിട്ടണില്‍നിന്നുള്ള സ്‌കോച്ച് വിസ്‌കി, ആഡംബരകാറുകള്‍ എന്നിവയുടെ തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കും. നിലവില്‍ ഇറക്കുമതിക്ക് 100 ശതമാനത്തിലധികം നികുതിയുള്ള ബ്രിട്ടീഷ് നിര്‍മ്മിത കാറുകള്‍ക്കാണ് വിലകുറയുക.
India-UK Free Trade Agreement was signed and formalised, during Prime Minister Narendra Modi's visit to the UK, where he met his counterpart Keir Starmer. The deal was signed by commerce minister Piyush Goyal and Jonathan Reynold, his British counterpart.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."