പടയൊരുക്കത്തിന് മൂര്‍ച്ചകൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബാങ്കോക്കിലേക്ക്
ആലപ്പുഴ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ (ഐ.എസ്.എല്‍) കഴിഞ്ഞു പോയതിനെ കുറിച്ചൊന്നും ബ്ലാസ്‌റ്റേഴ്‌സ് ചിന്തിക്കുന്നില്ല. നേടാനുള്ളതിനെ കുറിച്ച് മാത്രമാണ് ചിന്ത. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി. രണ്ടാം ഘട്ട പരിശീലനത്തിനായി കൊമ്പന്‍മാര്‍ ഇന്ന് തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് പറക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പത്തു ദിവസം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ ടീം ഇന്നലെ വൈകിട്ടോടെ കൊച്ചിയില്‍ എത്തി. ഇന്നു രാവിലെ 11നു മാരിയറ്റ് ഹോട്ടലില്‍ ടീമിനു യാത്രയപ്പ് ഒരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ ജേഴ്‌സി ചടങ്ങില്‍ സച്ചിന്‍ അവതരിപ്പിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നു വൈകിട്ടോടെ ടീം ബാങ്കോക്കിലേക്ക് പറക്കും.
ഐ.എസ്.എല്ലിന്റെ ആദ്യ പതിപ്പില്‍ മികച്ച പ്രകടനവുമായി റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഒത്തിണക്കമില്ലാത്ത ടീമായി മാറിയ ബ്ലാസ്റ്റേഴ്‌സില്‍ ആഭ്യന്തരകലഹവും രൂക്ഷമായിരുന്നു. രണ്ടാം പതിപ്പിലെ ആറു മത്സരങ്ങള്‍ക്ക് ശേഷം ടീം പരാജയത്തിന്റെ വാരിക്കുഴിയില്‍ വീണതോടെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറെ പുറത്താക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ടെയ്‌ലറുടെ കടുംപിടുത്തങ്ങളും കേളീശൈലിയും ഒത്തൊരുമയില്ലാത്ത ടീമായി ബ്ലാസ്റ്റേഴ്‌സിനെ മാറ്റി. സാമ്പത്തിക പ്രതിസന്ധിയും ടീമിനെ തളര്‍ത്തി. നാണംകെട്ട തോല്‍വികളുമായി അവസാന സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പതിപ്പില്‍ കളിക്കളം വിട്ടത്. കഴിഞ്ഞ തവണ ഗ്രീന്‍ഫീല്‍ഡില്‍ മാത്രമായിരുന്നു പരിശീലനം. ഇത്തവണ വിദേശത്ത് പരിശീലനവും പ്രദര്‍ശന മത്സരവും ഉള്‍പ്പടെ ഒരുക്കിയാണ് ടീമിനെ വിജയ തീരത്തേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്. ബാങ്കോക്കിലെ പരിശീലനം പൂര്‍ത്തിയാക്കി 20ാം തിയതിയോടെ ബ്ലാസ്റ്റേഴ്‌സ് കേരളത്തിലേക്ക് തിരിച്ചെത്തും. ഒക്ടോബര്‍ ഒന്നിനു ഗുവാഹത്തിയില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായാണ് കൊമ്പന്‍മാരുടെ പോരാട്ടം.
മൂന്നാം പതിപ്പില്‍ മുന്നിലെത്താന്‍
പുല്‍മൈതാനങ്ങളെ ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ മൂന്നാം പതിപ്പില്‍ ശക്തമായ തിരിച്ചുവരവിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. മികച്ച പരിശീലകനും മിന്നുന്ന ആഭ്യന്തര, വിദേശ താര നിരയുമായാണ് ഇത്തവണ കൊമ്പന്‍മാരുടെ വരവ്. സച്ചിനൊപ്പം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അരവിന്ദും എന്‍ പ്രസാദും കൈകോര്‍ത്തതോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നെണീറ്റു കഴിഞ്ഞു. കോടികള്‍ ഒഴുകുന്ന സൂപ്പര്‍ ഫുട്‌ബോളില്‍ പുതിയ അധ്യായം രചിക്കാന്‍ തെലുങ്ക് സിനിമാ മേഖലയിലെ മുടിചൂടാമന്നന്‍മാര്‍ എത്തിയതോടെ ബ്ലാസ്റ്റേറ്റഴ്‌സിലേക്ക് മികച്ച വിദേശ താര നിര തന്നെ മൂന്നാം പതിപ്പിലേക്ക് വന്നു. മുഖ്യ പരിശീലകനായി ഇംഗ്ലണ്ടുകാരന്‍ സ്റ്റീവ് കോപ്പലും മാര്‍ക്വീ താരമായി അയര്‍ലന്‍ഡ് ദേശീയതാരം ആരോണ്‍ ഹ്യൂഗ്‌സും. ഗോള്‍കീപ്പറായി ആഴ്‌സനല്‍ താരം ഗ്രഹാം സ്റ്റാക്ക്, ആഫ്രിക്കന്‍ കരുത്തുമായി സെനഗല്‍ താരം എല്‍ഹാദ്ജി നോയെ, ചാഡ് ദേശീയ ഫുട്‌ബോളര്‍ അസ്‌റാഖ് മഹ്്മത്, ആക്രമണത്തിന്റെ കുന്തമുനയായി ഹെയ്തി താരം കെല്‍വിന്‍ ബെഫോഡ്. ഒരിടവേളയ്ക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തിയ പാതി ഇന്ത്യക്കാരനായ ഇംഗ്ലീഷ് ഫുട്‌ബോളര്‍ മൈക്കല്‍ ചോപ്ര. രണ്ടാം പതിപ്പില്‍ മികച്ച പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ തിളങ്ങിയ അന്റോണിയോ ജര്‍മനും, ജോസു കുരിയാസും മനംകവരാന്‍ ഇത്തവണയുമുണ്ട്. ആദ്യ പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെടുംതൂണായിരുന്ന സെഡ്രിക് ഹെങ്ബര്‍ട്ട് തിരിച്ചെത്തിയിരിക്കുന്നു. മുഹമ്മദ് റാഫി, സി.കെ വിനീത്, സന്ദേശ് ജിങ്കാന്‍, ഗുര്‍വീന്ദര്‍ സിങ്, സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, പ്രതീക് ചൗധരി, റിനോ ആന്റോ, ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, വിനിട് റായ്, പ്രശാന്ത് മോഹന്‍, മുഹമ്മദ് റഫീഖ്, ഫാറൂഖ് ചൗധരി, തോണ്‍ഗോസിം ഹൈക്കോപ് തുടങ്ങി ഇന്ത്യന്‍ താര നിരയാലും സമ്പന്നാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ്. മലയാളിയായ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എന്‍.പി പ്രദീപ് പ്ലയര്‍ സ്‌കൗട്ടായി ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്.
ആക്രമണം
തേച്ചുമിനുക്കി
കോപ്പല്‍
പച്ചപ്പുല്‍മൈതാനത്ത് കഴിഞ്ഞ പത്തു നാളും സ്റ്റീവ് കോപ്പല്‍ മുന്‍ഗണന നല്‍കിയത് ഒത്തിണക്കവും പന്തടക്കവും ആക്രമണ ശൈലിയും തേച്ചുമിനുക്കിയെടുക്കാനായിരുന്നു. ഒരേ മനസുമായി കളത്തിലിറങ്ങുക. മികച്ച പന്തടക്കവും ആക്രമണവുമായി എതിരാളികളെ വീഴ്ത്തുക. സ്റ്റീവ് കോപ്പല്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത് ആക്രമണ ഫുട്‌ബോള്‍ കാഴ്ച വയ്ക്കാനാണ്. കഴിഞ്ഞ രണ്ടു പതിപ്പിലും ബ്ലാസ്റ്റേഴ്‌സ് കളിച്ച മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു മൂന്നാം പതിപ്പിലേക്ക് കോപ്പല്‍ പരിശീലന തന്ത്രം മെനഞ്ഞത്. കളിയുടെ അവസാന പതിനഞ്ച് മിനുട്ടുകളിലാണ് ബ്ലാസ്റ്റേഴ്‌സ് നിര തളരുന്നതെന്ന് കോപ്പല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് ഇത്തവണ പരിഹാരം കാണും വിധത്തിലാണ് പരിശീലനം. അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങുന്ന സ്ഥിതിക്ക് ഇത്തവണ മാറ്റം ഉണ്ടാക്കാനുള്ള തന്ത്രങ്ങളും കോപ്പല്‍ മെനയുന്നുണ്ട്.
ആക്രമണ നിരയിലേക്ക് ഹെയ്തി താരം
ഡക്കന്‍സ് മോസസ് നാസോനും
ആലപ്പുഴ: ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് ഒരു വിദേശ താരം കൂടി എത്തി. ഹെയ്തി ദേശീയ താരവും 22 കാരനുമായ ഡക്കന്‍സ് മോസസ് നാസോന്‍ ആണ് പുതുമുഖം. പോര്‍ച്ചുകല്‍ ക്ലബ് സി.ഡി ടോണ്‍ഡേലയില്‍ നിന്നാണ് ഡക്കന്‍സിന്റെ വരവ്. 2014 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ ഡക്കന്‍സ് 2015 ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഹെയ്തിക്കായി പന്തുതട്ടി. 15 കളികളില്‍ നിന്നു നാല് രാജ്യാന്തര ഗോളുകളാണ് ഡക്കന്‍സിന്റെ അക്കൗണ്ടിലുള്ളത്. ഡക്കന്‍സിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്' ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. യുവത്വവും പ്രതിഭയും ഒത്തിണിങ്ങിയ ഡക്കന്‍സിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയ്ക്ക് കൂടുതല്‍ കരുത്താവുമെന്നും കോപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."