ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കണം
മലപ്പുറം: ക്വാറിമേഖലയില്‍ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ഉടമകള്‍ തയാറാകണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. വേങ്ങര കണ്ണമംഗലത്ത് ക്വാറിതൊഴിലാളിയായ തമിഴ്‌നാട് സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ നിര്‍ദേശം. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. ക്വാറികള്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം. തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം, തൊഴിലാളികളുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
ലേബര്‍ കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുംവിധമാണ് ക്വാറികളുടെ പ്രവര്‍ത്തനം. ജില്ലാ ലേബര്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിലെ ഗുരുതരമായവീഴ്ച കണ്ടെത്തിയിട്ടുണ്ട്. കണ്ണമംഗലത്ത് ക്വാറി തൊഴിലാളിയുടെ മരണം സ്വാഭാവികമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷനില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച വണ്ടൂര്‍ സ്വദേശി രമണന്റെ കുടുംബത്തിന് നഷ്ടം പരിഹാരം ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ച മനുഷ്യാവകാഷ കമ്മിഷന്‍ പരിശോധിക്കും. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ഉത്തരവ്. ഇതു സംബന്ധിച്ചു മൂന്ന് തവണ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുതവണ കൂടി നോട്ടീസ് നല്‍കാനും കമ്മിഷന്‍ തീരുമാനിച്ചു. ഫ്രാന്‍സില്‍ ജോലി വാഗ്ദാനം ചെയ്തു റഷ്യയില്‍ എത്തിച്ച പരാതിയിലും കമ്മിഷന്‍ കേസെടുത്തു.
സമാനമായ കേസ് കഴിഞ്ഞ സിറ്റിങ്ങിലും ലഭിച്ചിരുന്നു. റേഷന്‍ കടയുടമ അനുവദിക്കപ്പെട്ട അരി മുഴുവന്‍ നല്‍കുന്നില്ലെന്ന പരാതിയിലും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. കുറ്റിപ്പുറം എം.ഇ.എസ് കോളജിലെ റാഗിങ് ഉള്‍പ്പെടെ 33 പരാതികളാണ് പരിഗണിച്ചത്. 22 പുതിയ പരാതികളാണ് കഴിഞ്ഞ ദിവസെമത്തിയത്. ഏഴെണ്ണം ഇന്നലെ തീര്‍പ്പാക്കി. ജില്ലയിലെ അടുത്ത സിറ്റിങ് ഒക്‌ടോബര്‍ 14ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."