റിയാസ് മൗലവി വധക്കേസ്: സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെട്ടു,അന്വേഷണവും പ്രോസിക്യൂഷനും സുതാര്യം; പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി
കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ നടന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
റിയാസ് മൗലവി കേസ് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെട്ടതായും അവകാശപ്പെട്ടു. റിയാസ് മൗലവിയുടെ ഭാര്യയുടെ അപേക്ഷ പരിഗണിച്ച് മികച്ച അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിച്ചു. സുതാര്യമായാണ് കേസന്വേഷണവും പ്രോസിക്യൂഷനും പ്രവര്‍ത്തിച്ചത്. കേസന്വേഷണം കുറ്റമറ്റരീതിയിലാണ് നടന്നത്. കുറ്റമറ്റ അന്വേഷണമായതിനാലാണ് ജാമ്യം ലഭിക്കാതിരുന്നത്. ജാമ്യത്തിനെതിരെ പ്രസിക്യൂഷന്‍ കര്‍ശനമായ നടപടി സ്വീകരിച്ചവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ ഏഴ് വര്‍ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നത് അന്വേഷണത്തിന്റെ മികവ് കൊണ്ട്. സംഭവം നടന്ന് 96 മണിക്കൂറുകള്‍ സതികയും മുമ്പ് മൂന്ന് പ്രതികളേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്നു മുതല്‍ ഏഴ് വര്‍ഷവും ഏഴ് ദിവസവുംമ അവര്‍ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. കേസില്‍ നിശ്ചയ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചു. അത് ശക്തമായ പൊലിസ് നിലപാട് കൊണ്ടാണ്- മുഖ്യമന്ത്രി പറഞ്ഞു. റിയാസ് മൗലവിയുടെ കുടുംബത്തിനും അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതിനായി നിയമത്തിന്റെ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ തേടും. മതവിദ്വേഷത്തിന്റെ ഭാഗമായി ആളുകളെ കൊല്ലുന്ന നടപടി എന്ത് വില കൊടുത്തും അവസാനിപ്പിക്കണം. ഇതിനായി സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാ നടപടിയും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ യു.എ.പിഎ ചുമത്താതുമായി ബന്ധപ്പെട്ട ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതുമായ ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പലരും ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഐ.പി.സി 153 എ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. യു.എ.പി.എ ചുമത്താത്തത് കോടതി അംഗീകരിക്കാത്തതിനാലാണ്. യു.എ.പി.എ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് വിടുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എയെ എതിര്‍ക്കുന്നവര്‍ തന്നെയാണ് യു.എ.പി.എ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പത്തുമണിക്ക് വാര്‍ത്തസമ്മേളനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് ശേഷം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായില്ല. താന്‍ മറുപടി പറയാതെ പോയെന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് നല്‍കാമെന്ന് അദ്ദേഹം ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പത്തു മണിവരെയാണ് വാര്‍ത്താ സമ്മേളനമെന്ന് താന്‍ മുന്‍പേ പറഞ്ഞിരുന്നതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."