കൂടുതല്‍ കടമെടുക്കാന്‍ അനുവാദമില്ല; കേരളത്തിന്റെ ഹരജി ഭരണഘടനാബെഞ്ചിന് വിട്ടു
ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു.
പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച തുക അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ധനകാര്യ കമ്മിഷന്റെ കാലയളവില്‍ വായ്പാപരിധി വെട്ടിക്കുറച്ചത്. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.
പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് അടിയന്തരമായി 10,000 കോടി രൂപ കടമെടുക്കണമെന്നാണ് കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രധാന ഹരജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ കുറവു വരുത്തുമെന്ന കേന്ദ്ര വാദം സ്വീകാര്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ് കേന്ദ്രത്തിനൊപ്പമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."