പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ
കോഴിക്കോട്: രാമനാട്ടുകരയിൽ 17 വയസ്സുള്ള ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ കടയിൽനിന്ന് കാറിൽ കയറ്റി കൊണ്ടുപോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചു വരുകയാണ്.
പെൺകുട്ടി ജോലി ചെയ്യുന്ന ഷോപ്പിംഗ് മാളിൽനിന്ന് ഇന്നലെ രാവിലെ കാമുകൻ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ഇന്നലെ തന്നെ ഫറോക്ക് പൊലിസിൽ പരാതി നൽക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ, ഇന്ന് രാവിലെ കാമുകൻ തന്നെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ടു.
എന്നാൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൊലിസ് വിശദമായ മൊഴിയെടുത്തപ്പോൾ പീഡന വിവരം പുറത്തുവരുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ കാമുകൻ പെൺകുട്ടി ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പ്രതിക്കായി ഫറോക്ക് പൊലിസ് തെരച്ചിൽ ഊർജിതമാക്കി നടത്തി കൊണ്ടിരിക്കുകയാണ്.
പെൺകുട്ടിയെ കൊണ്ടുപോയ കാറിൽ ഡ്രൈവർ ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രൈവർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാളെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയാണ് പൊലിസ്. പെൺകുട്ടിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."