ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം
കീവ്: യുക്രൈനിൽ മണിക്കൂറുകൾക്കിടെ ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ . 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈൻ അറിയിച്ചു. പടിഞ്ഞാറൻ നഗരമായ ലിവിവിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും, തെക്കുപടിഞ്ഞാറൻ ട്രാൻസ്കാർപാത്തിയ മേഖലയിൽ 15 പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ ഈ പ്രകോപനപരമായ നീക്കം നടന്നിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഈ ആക്രമണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ പ്രതികരിച്ചു.
നേരത്തെ, യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച നടത്താൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിർദേശത്തോട് റഷ്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. പുടിൻ നേരിട്ട് ചർച്ചയിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലാത്ത പ്രതികരണങ്ങളാണ് റഷ്യയിൽ നിന്ന് ഉണ്ടായിരുന്നത്. പ്രതിനിധി തലത്തിലുള്ള ചർച്ചകൾ മതിയെന്നാണ് റഷ്യയുടെ നിലപാടെന്നാണ് പുറത്തു വരുന്ന സൂചനകൾ.
കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പരോക്ഷമായി സെലൻസ്കിയുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. "യുക്രൈൻ റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ചരിത്രപരമായ തെറ്റാണ്. സെലൻസ്കി ഒരു നാസിയാണ്, അദ്ദേഹവുമായി ചർച്ച ആവശ്യമില്ല. ഉദ്യോഗസ്ഥ തലത്തിൽ ശ്രദ്ധയോടെ ചർച്ചകൾ നടത്തണം," ലാവ്റോവ് സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു.
അലാസ്കയിൽ നടന്ന പുടിൻ-ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുക്രൈൻ-യുഎസ്-റഷ്യ ത്രികക്ഷി ചർച്ചയ്ക്ക് സെലൻസ്കി സമ്മതം അറിയിച്ചത്. താൽക്കാലിക വെടിനിർത്തലിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തന്റെ ശ്രമമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, യുക്രൈനുള്ള സുരക്ഷാ ഉറപ്പുകൾ ചർച്ച ചെയ്യാൻ നാറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. 32 രാജ്യങ്ങൾ പങ്കെടുത്ത ഈ യോഗത്തിൽ റഷ്യയില്ലാത്ത ചർച്ചകൾ ഫലപ്രദമാകില്ലെന്ന് ക്രെംലിൻ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."