കെ. കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി ആഘോഷം പത്തിനു തുടങ്ങും
വടകര: സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം 10, 11 തിയതികളില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കുമെന്ന് കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേണ്ടഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികലാംഗ ക്ഷേമ പദ്ധതിയായ 'സ്പര്‍ശം 2016'ന്റെ ഉദ്ഘാടനം 10നു വൈകിട്ടു മൂന്നിന് എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഗോകുലം ഗോപാലന്‍ വിതരണം ചെയ്യും.
സമാപന സമ്മേളനം 11നു വൈകിട്ട് 4.30ന് ഓര്‍ക്കാട്ടേരി ചന്ത മൈതാനത്ത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏറാമല ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ കുഞ്ഞിരാമക്കുറുപ്പിന്റെ പ്രതിമ അനാച്ഛാദനവും നിയമസഭാ സ്പീക്കര്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷനാകും. കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരത്തിന്റെയും വികലാംഗ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം യഥാക്രമം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും സി.കെ നാണു എം.എല്‍.എയും നിര്‍വഹിക്കും.
കുഞ്ഞിരാമക്കുറുപ്പിന്റെ ആത്മകഥ ഇ.കെ വിജയന്‍ എം.എല്‍.എയും ബി.കെ തിരുവോത്ത് രചിച്ച 'കെ. കുഞ്ഞിരാമക്കുറുപ്പ്: കാലവും ജീവിതവും' പുസ്തകം പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും പ്രകാശനം ചെയ്യും. അഡ്വ. എം.കെ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിനു പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും നടത്തുന്ന സംഗീതനിശയും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എം.കെ പ്രേംനാഥ്, മനയത്ത് ചന്ദ്രന്‍, പി. ബാലന്‍ മാസ്റ്റര്‍, എ.പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."