കൂടത്തായി പാലം തകർച്ചയുടെ വക്കിൽ; വിദഗ്ധ സംഘം പരിശോധിക്കും, ഭീതിയിൽ ജനം
കോഴിക്കോട്: അപകടാവസ്ഥയിൽ തുടരുന്ന കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന പാലമായ കോഴിക്കോട് കൂടത്തായി പാലം വിദഗ്ധ സംഘം പരിശോധിക്കും. കെഎച്ച്ആർഐ ഉദ്യോഗസ്ഥർ ആണ് പാലത്തിൽ പരിശോധനക്ക് എത്തുക. വിള്ളൽ വീണ് പാലം തകരുമെന്ന ഭീതി ഉയരുന്ന സാഹചര്യത്തിലാണ് വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തുന്നത്. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യവും ഇതിനിടെ ശക്തമാവുകയാണ്.
കൂടത്തായി പാലത്തിന്റെ ബീമിലും മുകളിലുമാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാലത്തിന് മുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല എന്നത് ഏറെ ആശങ്ക പരത്തുന്നുണ്ട്. 58 വർഷം മുൻപ് നിർമിച്ചതാണ് പാലം. പാലത്തിന്റെ തൂണിന്റെ ബീമിൽ വലിയ വിള്ളൽ വീണതും മുകളിൽ മധ്യഭാഗത്ത് ടാറിംഗ് പൊട്ടി പൊളിഞ്ഞതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. നേരത്തെ പാലത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും പാലത്തിന്റെ അവസ്ഥ പരിതാപകരമാവുകയായിരുന്നു.
പാലം പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയും ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."