പിരിച്ചുവിടൽ തുടർന്ന് വമ്പൻ കമ്പനികൾ; ആശങ്കയിൽ ജീവനക്കാർ, 2024 ലെ പിരിച്ചുവിടലുകൾ അറിയാം
വമ്പൻ കമ്പനികളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് മാർച്ച് മാസത്തിലും തുടർന്നു. സാമ്പത്തിക പ്രതിസന്ധി, ടെക്‌നോളജി മാറ്റം, ചെലവ് കുറക്കൽ തുടങ്ങിയ കാരണങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്നതിന് പിന്നിലുണ്ട്. ടെക് രംഗത്തെ ഭീമന്മാരായ എറിക്‌സൺ, ഡെൽ, ആപ്പിൾ, ഐബിഎം തുടങ്ങിയ കമ്പനികൾ വരെ ജീവനക്കാരെ വെട്ടിക്കുറച്ചു എന്നതാണ് 2024 ആദ്യ മൂന്ന് മാസം പിന്നിടുമ്പോഴുള്ള കാഴ്ച.
വിവിധ കമ്പനികൾ 2024 ൽ നടത്തിയ പിരിച്ചുവിടലുകൾ ഇങ്ങനെയാണ്:
എറിക്‌സൺ
5G നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ആവശ്യം മന്ദഗതിയിലായതാണ് എറിക്‌സൺ ജീവനക്കാരെ പിരിച്ചുവിടാൻ കാരണമായത്. സ്വീഡിഷ് ടെലികോം ഭീമനായ എറിക്‌സൺ സ്വീഡനിൽ ഏകദേശം 1,200 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആണ് അറിയിച്ചത്. 2024-ലെ ചെലവ് ലാഭിക്കൽ പദ്ധതിയുടെ ഭാഗമാണ് ഈ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത്. ഈ വർഷം "വെല്ലുവിളി നിറഞ്ഞ മൊബൈൽ നെറ്റ്‌വർക്ക് മാർക്കറ്റ്" ഉണ്ടാകുമെന്ന കണക്കൂട്ടലിന്റെ ഭാഗമായി എറിക്‌സൺ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 8,500 തൊഴിലാളികളെയാണ്. അതായത് മൊത്തം ജീവനക്കാരുടെ 8% പേരെയാണ് ഒരു വർഷത്തിനിടെ മാത്രം പിരിച്ചുവിട്ടത്.
ഡെൽ
ഈ വർഷം മാർച്ച് വരെ ഡെല്ലിൽ നിന്ന് പടിയിറങ്ങിയത് 6000 ജീവനക്കാരെയാണ്. 2023 ൽ ഡെല്ലിൻ്റെ ഹെഡ്കൗണ്ട് ഏകദേശം 1,26,000 ആയിരുന്നു. ഇപ്പോൾ അത് 1,20,000 ആയി കുറഞ്ഞിട്ടുണ്ട്. വിശാലമായ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഡെൽ അതിൻ്റെ തൊഴിലാളികളെ വെട്ടിക്കുറച്ചതായി കമ്പനി അറിയിച്ചു. ഡെല്ലിൻ്റെ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് മന്ദഗതിയിലായ സമയത്താണ് പിരിച്ചുവിടലുകൾ ഉണ്ടായത്. 2023 അവസാന പാദത്തിൽ ഡെല്ലിന്റെ വരുമാനത്തിൽ 11% ഇടിവാണ് രേഖപ്പെടുത്തിയത്.
ആപ്പിൾ
ഭാവിയിലെ ആപ്പിൾ വാച്ച് മോഡലിനായി മൈക്രോഎൽഇഡി ഡിസ്‌പ്ലേകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആപ്പിൾ അവസാനിപ്പിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ കമ്പനി, ഡിസ്പ്ലേ എഞ്ചിനീയറിംഗ് ടീമുകളെ പുനഃസംഘടിപ്പിക്കുകയും അമേരിക്കയിലും ഏഷ്യയിലുമായി നിരവധി ഡസൻ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല.
ഐബിഎം
കമ്പനിയുടെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലാണ് ജീവനക്കാരെ പിരിച്ചിവിട്ടത്. ജോലി വെട്ടിക്കുറച്ചതിൻ്റെ എണ്ണം അറിയിക്കാതെ തന്നെ ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (IBM) പിരിച്ചുവിടലുകൾ നടത്തിയതായി പ്രഖ്യാപിച്ചു. ഐബിഎമ്മിലെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ ജോനാഥൻ അഡാഷെക് ഏഴ് മിനിറ്റ് നീണ്ട യോഗത്തിലാണ് തീരുമാനം വെളിപ്പെടുത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്തു.
ടർണിറ്റിൻ
കോപ്പിയടി കണ്ടെത്തൽ സ്ഥാപനമായ ടർണിറ്റിൻ ഈ വർഷം ആദ്യം ഏകദേശം 15 പേരെ പിരിച്ചുവിട്ടു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടർണിറ്റിനെ 18 മാസത്തിനുള്ളിൽ 20% എഞ്ചിനീയറിംഗ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പ്രാപ്തമാക്കുമെന്ന് കമ്പനിയുടെ സിഇഒ ക്രിസ് കാരെൻ കഴിഞ്ഞ വർഷം പറഞ്ഞതായി ടെക്-ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. അതായത്, ജീവനക്കാരെ പിരിച്ചുവിടൽ ഇനിയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."