റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ഒമ്പത് റൺസിന്റെ വിജയം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ട്രിവാൻഡ്രം ഇന്നിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസിൽ അവസാനിക്കുകയായിരുന്നു.
കൊച്ചിക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു സാംസണാണ് കളിയിലെ താരം. മത്സരത്തിൽ 37 പന്തിൽ 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ടൂർണമെന്റിൽ മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളുമാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. അവസാനത്തെ മൂന്ന് മത്സരങ്ങളിൽ നിന്നും 21 സിക്സുകൾ നേടി മിന്നും ഫോമിലാണ് സഞ്ജു.
വരാനിരിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി സഞ്ജുവിന്റെ ഈ വെടിക്കെട്ട് പ്രകടനം താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നേടുന്നതിൽ നിർണായകമാണ്. ഏഷ്യ കപ്പിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കില്ലെന്ന വാർത്തകളും സജീവമായി നിലനിൽക്കുന്നുണ്ട്. അഭിഷേക് ശർമ്മക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ കെസിഎല്ലിൽ മിന്നും ഫോമിൽ സഞ്ജു തുടരുമ്പോൾ ഏഷ്യ കപ്പിലും ഈ പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്.
Kochi Blue Tigers Sanju Samson performs well against Trivandrum Royals in Kerala Cricket League
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."