തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡോകടര്‍ രാജീവ് കുമാറിനെതിരേ കേസെടുത്തത്.
കാട്ടക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യയാണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത്. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കുടുംബം പ്രതിജ്ഞയെടുത്തു.
2023 മാര്‍ച്ച് 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി സുമയ്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോ. രാജീവ് കുമാര്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ, രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ശസ്ത്രക്രിയയ്ക്ക് ശേഷം ഈ ലൈനിന്റെ ഗൈഡ് വയര്‍ നീക്കം ചെയ്യാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഇത് ഇപ്പോഴും സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുകയാണ്.
പിന്നീട് ശ്രീചിത്ര ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സ തേടിയപ്പോള്‍, എക്‌സ്‌റേ പരിശോധനയില്‍ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയയിലൂടെ ട്യൂബ് നീക്കം ചെയ്യാനാകില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന്, ഗുരുതരമായ ഈ പിഴവിന് നീതി ലഭിക്കണമെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് ഈ വിഷയത്തെ നിസ്സാരമായാണ് കാണുന്നതെന്നാണ് സുമയ്യയുടെ സഹോദരീഭര്‍ത്താവ് സബീര്‍ ആരോപിക്കുന്നത്. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും സബീര്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോ. രാജീവ് കുമാറിന് പണം നല്‍കിയിരുന്നതായും, നെടുമങ്ങാട്ടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അദ്ദേഹത്തെ കണ്ടിരുന്നതായും സബീര്‍ പറഞ്ഞു.
നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഉറപ്പിച്ച്, സുമയ്യയും കുടുംബവും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."