കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകയ്ക്ക് നൽകിയ വീടിനുള്ളിൽ വൻ സ്‌ഫോടനം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നു. ഗോവിന്ദൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച് സ്‌ഫോടനമുണ്ടായത്. രണ്ടു പേരാണ് വാടകയ്ക്ക് ഗോവിന്ദൻ എന്ന വ്യക്തിയുടെ വീട്ടിൽ താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭ്യമായ വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ വീടിനുള്ളിൽ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.
ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലിസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയതായി റിപ്പോർട്ട് ഉണ്ട്. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തതായാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."