ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ലാബുകൾ രണ്ടാക്കി ചുരുക്കുന്നതിൽ ആശങ്കയുമായി കേരളമുൾപ്പെടെ എട്ട് ബി.ജെ.പിയിതര സംസ്ഥാനങ്ങൾ. ജി.എസ്.ടി സ്ലാബ് നാലിൽനിന്ന് രണ്ടാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുന്നതിനും ഗുണം ഉപഭോക്താവിന് ലഭിക്കാതെ കോർപറേറ്റുകളും കച്ചവടക്കാരും കൂടുതൽ ലാഭം കൊയ്യുന്നത് തടയുന്നതിനും നടപടി വേണമെന്ന് ഡൽഹിയിൽ ചേർന്ന ധനമന്ത്രിമാരുടെയും പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. കേരളത്തെ കൂടാതെ ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നത്.
കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുത്തു. 28, 18, 12, 5 ശതമാനം സ്ലാബുകളായിരുന്ന ജി.എസ്.ടി ഘടന 5, 18 ശതമാനം സ്ലാബുകൾ മാത്രമാക്കുന്നതാണ് പരിഷ്‌കരണം. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും ക്ഷേമപദ്ധതികളെയും വികസന പദ്ധതികളെയും ബാധിക്കുമെന്നും യോഗത്തിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ആശങ്ക അറിയിച്ചതായി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഇക്കാര്യം അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉന്നയിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി സ്ലാബ് ചുരുക്കുന്നതു വഴി കേന്ദ്രത്തിനും നഷ്ടമുണ്ടാകുമെങ്കിലും ആകെ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്രത്തിന് ജി.എസ്.ടി വഴിയുള്ളത്. എന്നാൽ സംസ്ഥാനത്തിന് ഇത് ഏകദേശം 50 ശതമാനമാണ്. കൂടാതെ കേന്ദ്രത്തിനു ലഭിക്കുന്നതിന്റെ സംസ്ഥാന വിഹിതമായ 20 ശതമാനം കൂടിയുണ്ട്. ഫലത്തിൽ സംസ്ഥാനത്തിന് 70 ശതമാനത്തോളം വരും.
നോട്ടു നിരോധനം പോലെ ആലോചനയില്ലാതെയാണ് സ്ലാബ് മാറ്റം കൊണ്ടുവന്നതെന്നും വരുമാന നഷ്ടത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെയും വരുമാനത്തിലെ ഇടിവ് ബാധിക്കും. ജി.എസ്.ടി കുറയുന്നത് സാധാരണക്കാർക്ക് നല്ലതാണ്. എന്നാൽ നേരത്തെ നികുതി കുറച്ചപ്പോൾ ഗുണം സാധാരണക്കാർക്ക് ലഭിച്ചില്ല. കമ്പനികൾ വിലകൂട്ടി ലാഭം കൊയ്യുകയാണ് ഉണ്ടായതെന്ന് കേരളം നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."