മണിക്കൂറില്‍ 1200 കിലോ മീറ്റര്‍ വേഗത; ഹൈപ്പര്‍ ലൂപ്പിന്റെ വിശേഷങ്ങള്‍
ദൂരത്തെ അതിവേഗം കൊണ്ട് കണ്‍മുന്നില്‍ എത്തിക്കുന്ന പുതിയ ടെക്‌നോളജിയാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി. വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പര്‍ ലൂപ്പ് എന്ന ക്യാപ്‌സ്യൂള്‍ ട്രെയിന്‍ ഇപ്പോള്‍ ലോകത്തു യാഥാര്‍ഥ്യമാകാന്‍ പോകുന്നത് മനുഷ്യന്റെ സമയക്കുറവിനെ ചിലപ്പോള്‍ ആസ്ഥാനത്താനത്താക്കിയേക്കാം. പദ്ധതി യാഥാര്‍ഥ്യമായാല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും.
അതായത് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയില്‍ നമുക്ക് ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാനാകും. ഇതേ ടെക്‌നോളജിയാണ് ദുബായിയും ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. അബുദാബിയില്‍ നിന്നും ദുബായിലെത്താന്‍ ഏകദേശം 150 കിലോമീറ്ററിലധികം ദൂരമുണ്ട്. നിലവിലെ റോഡിലെ തിരക്കിനിടയില്‍ ദുബായിലെത്താന്‍ ഒന്നര മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് കണക്കുകള്‍. എന്നാല്‍ 2021 ആകുന്നതോടെ അബുദാബിയില്‍ നിന്നും ദുബായിലെത്താന്‍ 10 മിനിറ്റില്‍ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഹൈപ്പര്‍ ലൂപ്പ് എന്ന ഭാവിയുടെ യാത്രാ വാഹനമാണ് ഇതു സാധ്യമാക്കുക.
വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പിന് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ നടന്നു കഴിഞ്ഞു.
എന്താണ് ഹൈപ്പര്‍ ലൂപ്പ് അഥവാ ക്യാപ്‌സൂള്‍ വാഹനം
അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രത്യേക ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ് സാങ്കേതിക വിദ്യ. രണ്ടു സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറഞ്ഞ മര്‍ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്ന പ്രത്യക തരം കുഴലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ 30 സെക്കന്റിലും ഓരോ കാബിനുകള്‍ വീതം നീക്കാനാകുന്നതോടെ വളരെ പെട്ടെന്ന് തന്നെ ആളുകളെയും ചരക്കുകളും നീക്കാന്‍ ഇത് വളരെ സഹായകരമാകും.
സിംഗിള്‍ ഹൈപ്പര്‍ ലൂപ്പ് ട്യൂബ് ചിലവ് ഹൈ സ്പീഡ് ട്രെയിനിന്റെ 10 ശതമാനം മാത്രം ചെലവ് മാത്രമേ ആകുന്നുവെന്നുള്ളതും ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. റെയില്‍ പാതയുടെ സ്ഥാനത്ത് സാങ്കേതികമായി വികസിപ്പിച്ചെടുത്ത പ്രത്യേകം ട്യൂബാണ് ഹൈപ്പര്‍ലൂപ് ഉപയോഗിക്കുന്നത്. ഹൈപ്പര്‍ലൂപ് ടെക്‌നോളജി യാത്രാസുരക്ഷിതം നല്‍കുന്നതോടൊപ്പം അതിവേഗം, കുറഞ്ഞ ചെലവ്, ഭൂകമ്പം അടക്കമുള്ള ദുരന്തങ്ങളെ അതി ജീവിക്കാനുള്ള കഴിവ് തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളായി നിര്‍മ്മാതാക്കള്‍ പറയുന്നുണ്ട്.
ഹൈപ്പര്‍ ലൂപ്പ് ചിന്തയുടെ പിറവി
2013ല്‍ സ്‌പേസ് എക്‌സ്, ടെസ്‌ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാനിര്‍മ്മാണ ചെലവും ഉയര്‍ന്ന അതി സുരക്ഷയുമാണ് ഇലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത.
അമേരിക്കയിലാണ് മാത്രമല്ല ഹൈപ്പര്‍ ലൂപ്പ് എന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ ആദ്യമായി നടന്നതെങ്കിലും ഏറെ താമസിയാതെ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഹൈപ്പര്‍ലൂപ്പ് ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് എന്ന കമ്പനിക്ക് നിലവില്‍ 21 രാജ്യങ്ങളിലായി 350 ജീവനക്കാരുണ്ട്.
ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജീസിന്റെ എതിരാളികളായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് എന്ന കമ്പനിയും മേഖലയില്‍ അതിവേഗത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. 2019 ഓടെ ഈ ടെക്‌നോളജി വഴി ചരക്കു നീക്കവും 2021 ഓടെ മനുഷ്യ സഞ്ചാരവും യാഥാര്‍ഥ്യമാക്കുമെന്നാണ് കമ്പനികളുടെ പ്രഖ്യാപനം .ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്പനി ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഭൂമിലയിലൂടെയോ കടലിലൂടെയോ ഇതിനായുള്ള കുഴലുകള്‍ സ്ഥാപിച്ചാല്‍ അതി വേഗം മിന്നി പായുന്ന യാത്ര സാധ്യമാകും.
ദുബായില്‍ ഇതിന്റെ സാധ്യതകള്‍
സമയത്തെയും ദൂരത്തെയും നിഷ്പ്രഭമാക്കുന്ന ന്യൂജെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈപ്പര്‍ലൂപ് വാഹനങ്ങളില്‍ ഭാവിയിലേക്കു കുതിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്.
ലോകത്തു ഏറെ വികസിച്ചു കൊണ്ടിരിക്കുന്ന നഗരവും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതുമായ ഒരു പ്രധാനപ്പെട്ട നഗരിയാണ് ദുബായ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫയും മറ്റു അംബര ചുംബികളും കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ദുബായ് മാറിക്കഴിഞ്ഞു. തിരക്ക് പിടിച്ച നഗരത്തില്‍ നിലവില്‍ ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ വളരെ വിഷമകരമായത് കണ്ടു കൊണ്ടാണ് ദുബായ് ഭരണ കൂടം ഹൈപ്പര്‍ ടെക്‌നോളജി കണ്ടു പിടിച്ചത് മുതല്‍ ഇതിനായി ശ്രമിക്കുന്നത്.
മറ്റു പലതിനും ദുബായ് മുന്നിലെത്തിയത് പോലെ നിലവിലെ കണക്കുകള്‍ പ്രകാരം യാത്രാ സൗകര്യവുമായി ഹൈപ്പര്‍ ലൂപ്പ് ആദ്യമായി ലോകത്തിനു മുന്നില്‍ യാഥാര്‍ത്യമാകുക ദുബായിലൂടെആയിരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഈ വര്ഷം സെപ്തംബറോടെ ദുബൈക്കും ഫുജൈറക്കും ഇടയിലുള്ള 163 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനായി ഡിസൈന്‍ തയ്യാറാക്കാനാണു ദുബായ് ഗതാഗത വകുപ്പിനെ തീരുമാനം. ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മാണത്തിനു മാതൃകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് ദുബായ്.
പദ്ധതിയുടെ മുന്നോടിയായി വിവിധ ഹൈപ്പര്‍ലൂപ് മാതൃകകള്‍ക്കായി മല്‍സരം സംഘടിപ്പിക്കുകയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍. 'ബില്‍ഡ് എര്‍ത് ലൈവ്' പേരിട്ടിരിക്കുന്ന മത്സരത്തിന് 48 മണിക്കൂര്‍ സമയമാണ് മത്സര സമയം. ഏറ്റവും നവീനമായ ആശയങ്ങള്‍ അതിവേഗം യാഥാര്‍ഥ്യമാക്കുന്ന കേന്ദ്രമാക്കി ദുബായിയെ മാറ്റുകയാണു ലക്ഷ്യമെന്ന് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എംഡി: മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു . ഹൈപ്പര്‍ലൂപ് ലിങ്ക് പ്രോജക്ടുകള്‍ ഏറ്റവും ശാസ്ത്രീയമായി തയ്യാറാക്കാനുള്ള മത്സരത്തിന് ഇതിനകം നിരവധി സാങ്കേതിക വിദഗ്ദ്ധര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."