'ഗ്ലാസ്‌നോസ്റ്റ്' ജുഡീഷ്യറിയിലും വേണം
സുപ്രിം കോടതിയിലെ സീനിയര്‍ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഈയടുത്തു നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ജുഡീഷ്യറിയെ വിവാദത്തിന്റെ ചുഴികളിലെത്തിച്ചിരിക്കുകയാണ്. ബഹുമാന്യനായ ജഡ്ജി ഇപ്പോള്‍ കൊളീജിയത്തില്‍ അംഗമാണ്.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം സുപ്രിംകോടതി റദ്ദുചെയ്തതിനെ തുടര്‍ന്ന് 2015 ഒക്‌ടോബര്‍ 16 മുതല്‍ ഉന്നതനീതിപീഠത്തിലെ അഞ്ചംഗകൊളീജിയത്തിനാണു ന്യായാധിപനിയമത്തിനുള്ള അധികാരം ഉപാധികളോടെ ലഭിച്ചിട്ടുള്ളത്.
സുപ്രിംകോടതി വിധിന്യായമനുസരിച്ചാണ് പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമത്തെ സുപ്രിംകോടതി അസാധുവാക്കിയത്.
2014 ഡിസംബറില്‍ പുതിയ നിയമം പാസ്സാക്കുന്നതുവരെ സുപ്രിംകോടതി കൊളീജിയമായിരുന്നു ഉന്നത ജഡ്ജിമാരുടെ നിയമനം നടത്തിവന്നത്. 1980 കള്‍വരെ എക്‌സിക്യൂട്ടീവിനായിരുന്നു ഈ രംഗത്തെ നിയമനാധികാരം. 2015 ലെ സുപ്രിംകോടതി നിയമനകാര്യനിയമം റദ്ദാക്കല്‍ വിധിയില്‍ ജഡ്ജി നിയമനം സുതാര്യമാക്കണമെന്നും പുറംലോകത്തിന് ആ നിയമനത്തെക്കുറിച്ച് അറിയാന്‍ അവകാശമുണ്ടെന്നും സൂചിപ്പിച്ചു പ്രസ്തുത വയോജന വിധിയെഴുതിയ ന്യായാധിപനായിരുന്നു ജ: ചെലമേശ്വര്‍. അന്നു നിയമം റദ്ദാക്കിയ നാലു ജഡ്ജിമാരിലൊരാളായ ജ: കുര്യന്‍ ജോസഫ് ജുഡീഷ്യറിയില്‍ ഇക്കാര്യത്തില്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു.
ഉന്നതനീതിപീഠത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് ജഡ്ജി കൊളീജിയത്തിനെതിരേ തുറന്നടിച്ചുപറയാന്‍ മുന്നോട്ടുവന്നിരിക്കയാണിപ്പോള്‍. സെപ്റ്റംബര്‍ രണ്ടാം തിയതി മാധ്യമങ്ങള്‍വഴി പുറംലോകമറിഞ്ഞ ജ: ചെലമേശ്വറിന്റെ ചീഫ് ജസ്റ്റിനുള്ള കത്ത് ജുഡീഷ്യല്‍ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായത്തെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.
ജുഡീഷ്യല്‍ നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹമെഴുതിയ കത്തില്‍ തനിക്കു വ്യക്തിനിഷ്ഠമായ ഒരു താല്‍പ്പര്യവും ആഗ്രഹവും ഭാവിയെക്കുറിച്ച് ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കൊല്ലത്തിനുള്ളില്‍ താന്‍ പെന്‍ഷന്‍ പറ്റുമെന്നും അതിനുശേഷം ഒരു തസ്തികയും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്നും വഴിതെറ്റിപ്പോകുന്നതാണെന്നും അദ്ദേഹത്തിന്റെ ആക്ഷേപങ്ങളില്‍നിന്നും കൂടുതലായി കരുതേണ്ടിയിരിക്കുന്നു.
അധഃസ്ഥിതവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്നു സുപ്രിംകോടതിയില്‍ മികച്ച ന്യായാധിപനെന്നറിയപ്പെട്ട ജ: കെ.രാമസ്വാമി വിരമിച്ചശേഷമെഴുതിയ ജീവചരിത്രക്കുറിപ്പില്‍ കൊളീജിയംവഴിയായിരുന്നു ജഡ്ജി നിയമനമെങ്കില്‍ തനിക്കൊരിക്കലും സുപ്രിംകോടതിയിലെത്താന്‍ കഴിയുമായിരുന്നില്ലെന്ന് എഴുതിയിട്ടുണ്ട്.
1970 വരെ കാര്യമായ ആക്ഷേപങ്ങള്‍ക്കും അഴിമതിയാരോപണങ്ങള്‍ക്കും ഇന്ത്യന്‍ ജുഡീഷ്യറിയിലെ ന്യായാധിപന്മാര്‍ പാത്രീഭവിച്ചിരുന്നില്ല. എന്നാല്‍, അടിയന്തരാവസ്ഥാപ്രഖ്യാപനത്തിനു രണ്ടുകൊല്ലം മുമ്പുതന്നെ കമ്മിറ്റഡ് ജുഡീഷ്യറിയെന്ന ആശയം ഭരണകൂടം ശക്തമാക്കിയിരുന്നു. ഇതിനായി തങ്ങളില്‍ നിക്ഷിപ്തമായ അധികാരത്തെ സര്‍ക്കാര്‍ ദുരുപയോഗംചെയ്യാന്‍ തുടങ്ങി.
ആദ്യത്തെ ജഡ്ജി നിയമനക്കേസില്‍ സുപ്രിംകോടതിജഡ്ജി നിയമനാധികാരം എക്‌സിക്യൂട്ടീവിനാണെന്നു വിധിച്ചു. എന്നാല്‍, രണ്ടാം ജഡ്ജിനിയമനക്കേസില്‍ ഭരണഘടനാ ബെഞ്ച് പ്രസ്തുത അധികാരം മൂന്നംഗ കൊളീജിയത്തിനെ ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. ഭരണഘടനയിലെവിടെയും കൊളീജിയമെന്ന സങ്കല്‍പ്പം പ്രതിപാദിച്ചിട്ടില്ലെങ്കിലും സുപ്രീംകോടതി എക്‌സിക്യൂട്ടീവില്‍നിന്നു നിയമനാധികാരം ജുഡീഷ്യറിയിലേയ്ക്കു മാറ്റുകയായിരുന്നു.
28-10-98 ല്‍ മൂന്നാം ജഡ്ജിനിയമനക്കേസില്‍ അഞ്ചംഗ കൊളീജിയത്തിനു പുതിയതായി നിയമിക്കുന്ന ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം സുപ്രിം കോടതി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി അയച്ച ഒരു റഫറന്‍സ് കേസിന്മേലാണ് സുപ്രിംകോടതിയുടെ ഈ വിധിന്യായമുണ്ടായത്. അതനുസരിച്ച് അഞ്ചംഗ കൊളീജിയത്തിന്റെ തീരുമാനം മിനുറ്റ്‌സായി രേഖപ്പെടുത്തുകയും വിയോജനക്കുറിപ്പുസഹിതം സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതെല്ലാം രഹസ്യമായി വയ്ക്കണമെന്ന നിലപാടാണു സുപ്രിംകോടതി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയാണു ജ: ചെലമേശ്വര്‍ എതിര്‍ക്കുകയും എഴുതപ്പെട്ട അഭിപ്രായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത്.
ജ: ചെലമേശ്വര്‍ പറയുന്നത്, കൊളീജിയം തീരുമാനം രേഖപ്പെടുത്താതിരിക്കുന്നതും മിനിറ്റ്‌സ് രൂപപ്പെടുത്താതിരിക്കുന്നതും അറിയിക്കേണ്ടവരെ അറിയിക്കാതിരിക്കുന്നതും നിയമനത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തുമെന്നാണ്. ചുരുക്കത്തില്‍, കൊളീജിയത്തിന്റെ പ്രവര്‍ത്തനം ആത്യന്തികമായി ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടെന്ന നിലപാടാണു ജ: ചെലമേശ്വര്‍ ഉയര്‍ത്തിയിട്ടുള്ളത്.
24-04-2016 ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജ: ടി.എസ്. താക്കൂര്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജഡ്ജി നിയമനം വൈകുന്നതിനെപ്പറ്റി പരാമര്‍ശിച്ചു കരഞ്ഞതായി പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ജുഡീഷ്യറി ഇക്കാര്യത്തില്‍ സ്വയംപരിശോധനയ്ക്കു വിധേയമാക്കുകയും സുതാര്യത ഉറപ്പുവരുത്തുകയും ജഡ്ജി നിയമനങ്ങള്‍ പെട്ടെന്നുണ്ടാകാന്‍ സാഹചര്യമൊരുക്കുകയുമാണു വേണ്ടത്. നിയമനങ്ങള്‍ നീളുന്നത് കൊളീജിയത്തിന്റെ ഏകാഭിപ്രായമില്ലായ്മകൊണ്ടു കൂടിയാണെന്നതും വിസ്മരിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."