അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി
ന്യൂഡൽഹി: സ്കൂൾ അധ്യാപന ജോലിക്ക് അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കി സുപ്രീംകോടതിയുടെ നിർണായക വിധി. അധ്യാപന സേവനത്തിൽ തുടരുന്നതിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേട്ട ശേഷമാണ് കോടതിയുടെ വിധി.
അതേസമയം, അഞ്ചുവര്‍ഷത്തില്‍ കുറവ് സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ക്ക് ആശ്വാസം നല്‍കി, അവര്‍ ഇനി ടെറ്റ് യോഗ്യത എടുക്കേണ്ടതില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഈ കാലയളവിനുള്ളില്‍ സ്ഥാനക്കയറ്റം ആവശ്യമാണെങ്കില്‍ അവര്‍ ടെറ്റ് യോഗ്യത നേടിയിരിക്കണം. ഇനി അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ സേവനം തുടരുന്നതിന് ടെറ്റ് യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് ജോലി ഉപേക്ഷിക്കുകയോ വിരമിക്കല്‍ ആനുകൂല്യങ്ങളോടെ നിര്‍ബന്ധിത വിരമിക്കലിന് അപേക്ഷിക്കുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ടെറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതുസംബന്ധിച്ച തര്‍ക്കം കോടതി വിശാല ബെഞ്ചിന് വിട്ടു. ഈ തര്‍ക്കത്തില്‍ കോടതി വിധി പറഞ്ഞില്ലെങ്കിലും, മറ്റെല്ലാ വിദ്യാലയങ്ങളിലുമെന്നത് പോലെ ന്യൂനപക്ഷസ്ഥാപനങ്ങളിലെ അധ്യാപകരും ടെറ്റ് യോഗ്യതയുള്ളവരായിരിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും രണ്ടംഗബെഞ്ച് പറഞ്ഞു.
നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് റിക്രൂട്ട് ചെയ്യപ്പെട്ടതും വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സമയമുള്ളതുമായ ഇന്‍സര്‍വീസ് അധ്യാപകര്‍ സേവനത്തില്‍ തുടരുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ ടെറ്റ് യോഗ്യത നേടാന്‍ ബാധ്യസ്ഥരാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ആര്‍ടിഇ നിയമം ബാധകമാണോ എന്നതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപ്പീലുകളുടെ ഒരു കൂട്ടത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. അങ്ങനെയാണെങ്കില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിതമായി ടെറ്റിന് യോഗ്യത നേടേണ്ടതുണ്ടോ, അത് ആര്‍ട്ടിക്കിള്‍ 30 ലംഘിക്കുന്നുണ്ടോ എന്നിവയും വിശാല ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."