ഓണവും പെരുന്നാളും; പഴവും പച്ചക്കറിയും പൂക്കളും വിമാനം കയറുന്നു
കൊണ്ടോട്ടി: ഓണപ്പൂക്കളവുംസദ്യവട്ടവും അറേബ്യയില്‍ ഒരുക്കാന്‍ പൂക്കള്‍ മുതല്‍ പച്ചക്കറിവരെ വിമാനം കയറിതുടങ്ങി. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ വിമാനമാര്‍ഗമുള്ള കാര്‍ഗോ കയറ്റുമതിയും വര്‍ധിച്ചു. ഓണം, പെരുന്നാള്‍ സ്‌പെഷ്യല്‍ പാക്കറ്റുകളാണ് പതിവിന് വിപരീതമായി കടലു കടക്കുന്നത്. ഗള്‍ഫ് വിഭവങ്ങള്‍ ശേഖരിക്കാനായി ഏജന്റുമാരും നെട്ടോട്ടത്തിലാണ്.
കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കയറ്റുമതിയില്‍ ക്രമാധീതമായി വര്‍ധനവാണുണ്ടായിട്ടുളളത്. കരിപ്പൂരിലും കാര്‍ഗോ മേഖല ഉണര്‍ന്നിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് കയറ്റുമതി ഏറെയുളളത്.
ദിനേന 50 മുതല്‍ 60 വരെ ടണ്‍ പച്ചക്കറികളാണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്. ഓണപ്പൂക്കളാണ് പ്രത്യേകമായി കയറ്റുമതിയുളളത്. ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, തെച്ചി, സൂര്യകാന്തി തുടങ്ങിയ പൂക്കള്‍ക്കാണ് ഗള്‍ഫില്‍ ഡിമാന്‍ഡുളളത്. ഇവ പ്രത്യേകം പാക്ക് ചെയ്താണ് അയക്കുന്നത്.
ഉയര്‍ന്ന നിരക്കില്‍ ശേഖരിക്കുന്ന പൂക്കള്‍ക്ക് കിലോക്ക് 60 മുതല്‍ 75 രൂപവരെ സര്‍ചാര്‍ജ് നല്‍കണം. കരിപ്പൂരില്‍ കുറഞ്ഞ തോതിലുളള പൂക്കള്‍ കൊണ്ടുപോകാനുളള അനുമതിയാണ് നല്‍കുന്നത്. അതിനാല്‍ കൂടുതല്‍ പേരും കൊച്ചിയെയാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും. ഓണ സദ്യയൊരുക്കാന്‍ പച്ചക്കറികളും കൂടുതലായി കയറ്റി അയക്കുന്നുണ്ട്. പച്ചക്കായ, മുരിങ്ങക്കായ, പടവലം, കൈപ്പ, കുമ്പളം നാടന്‍ പച്ചക്കറികള്‍ വരെ ഇവയില്‍ ഉള്‍പ്പെടും.സദ്യവിളമ്പാന്‍ നാടന്‍ വാഴയിലയും അയക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്ന് എമിറേറ്റസ് കാര്‍ഗോ കയറ്റുമതിക്ക് മാത്രമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വിസ് നടത്തും. കൊച്ചിയില്‍നിന്ന് 10നും പ്രത്യേക കാര്‍ഗോ വിമാനമുണ്ട്. 300 ലേറെ ടണ്‍ പഴം പച്ചക്കറി ഉല്‍പന്നങ്ങളാണ് ഈ വിമാനങ്ങളില്‍ മാത്രം ഗള്‍ഫിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."