ആദ്യം സ്പിരിറ്റ്‌ലോറിക്ക് എസ്‌കോര്‍ട്ട്, പിന്നെ രാഷ്ട്രീയക്കാരന്‍, ഇന്ന് കോടിപതി
കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിന്റെ മുഖ്യബിനാമിയെന്ന് വിജിലന്‍സ് കണ്ടെത്തിയ കായംകുളം എരുവ പരിപ്രയില്‍ വീട്ടില്‍ പി.എസ്.ബാബുറാമിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍.
കായംകുളം മാവേലിക്കര റോഡില്‍ പത്ത് സെന്റ് ഭൂമിപോലും തികച്ചില്ലാത്തിടത്തുണ്ടായിരുന്ന ചെറിയ വീട്ടില്‍ നിന്നും കോടികളുടെ ഭൂവുടമയായി മാറിയത് അതിവേഗമായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പത്തിയൂര്‍ എസ്.കെ.വി.എച്ച്.എസിലെ വിദ്യാഭ്യാസത്തിനുശേഷമാണ് ബാബുറാം പണമുണ്ടാക്കാനായി തിരിഞ്ഞത്.
കായംകുളത്തെ അബ്കാരിയെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. സ്പിരിറ്റുലോറിക്ക് എസ്‌കോര്‍ട്ട് പോയി കൂടുതല്‍ പണം കൈയില്‍ വന്നതോടെ ബാബുറാം വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മേച്ചില്‍പ്പുറം കണ്ടെത്തുകയായിരുന്നു.
എം.ലിജുവിന് മുന്‍പ് ടി. സിദ്ദിഖ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ് ബാബുറാമിന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. സിദ്ദീഖിന്റെ യാത്രകളില്‍ സഹായിയായിരുന്ന ബാബുറാം അതിവേഗത്തിലാണ് അദ്ദേഹത്തിന്റെ പ്രിയസഹായിയായി മാറിയത്. ഈ ബന്ധം രാഷ്ട്രീയത്തില്‍ ഒരുപരിചയവുമില്ലാത്ത ബാബുറാമിനെ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാക്കി. പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്ത് വേരുറപ്പിക്കുകയായിരുന്നു.
ആദ്യം കണ്ടുമുട്ടുമ്പോള്‍ തന്നെ ആരുടെയും മനംകവരുന്ന ബാബുറാം കെ.ബാബുവിന്റെയും വിശ്വസ്തനായി മാറി. പിന്നീടിങ്ങോട്ട് ബാബുറാം വന്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമി ഇടപാടുകളുടെയൊക്കെ ഇടനിലക്കാരനായി മാറി. ഒരു തുണ്ടുഭൂമി പോലും സമ്പാദ്യമായി ഇല്ലാതിരുന്ന ബാബുറാമിന് വന്‍കിട ഇടപാടുകള്‍ നടത്താന്‍ കോടികള്‍ കൈയിലെത്തിയത് നിഷ്പ്രയാസമായിരുന്നു. ഭാര്യയും രണ്ടുമക്കളും ഉള്‍പ്പെടുന്ന കുടുംബത്തെ എറണാകുളത്തെ കുമ്പളത്തേക്ക് കായംകുളത്തുനിന്ന് പറച്ചുനട്ടതും ഈ വളര്‍ച്ചയുടെ ഭാഗമായിരുന്നു.
ഇഷ്ട നമ്പറായ 29 വാഹനങ്ങള്‍ക്ക് ലഭ്യമാക്കാനും ബാബുറാം പണം ചെലവഴിച്ചിരുന്നു. 2007ല്‍ കായംകുളം ആര്‍.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ വാഹനത്തിന് എ 29 എന്ന നമ്പറും 2011ല്‍ രജിസ്റ്റര്‍ ചെയ്ത ഐ ടെണ്‍ വാഹനത്തിന് സി 29 എന്ന നമ്പറുമാണ് ഇപ്രകാരം നേടിയത്.
മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലും കുമ്പളം പഞ്ചായത്തിലുമായി നിരവധി ഭൂമികള്‍ വാങ്ങിക്കൂട്ടിയ ബാബുറാം ഇതുവരെ സ്വന്തമായി വീട് നിര്‍മിക്കാതെ കുമ്പളത്തെ ക്ഷേത്രത്തിനുസമീപമുള്ള ഇരുനില വാടക വീട്ടിലാണ് താമസമെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷം മുന്‍പ് ബാബുറാം കുമ്പളത്തേക്ക് വരുമ്പോള്‍ ചെറിയ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളില്‍ ഇടനിലക്കാരനായിട്ടായിരുന്നു തുടക്കം. ചില കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയും ബിസിനസിനുണ്ടായിരുന്നു. എന്നാല്‍ കെ.ബാബുവുമായി കൂടുതല്‍ അടുത്തതോടെ ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് മന്ത്രി ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപാടുകള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലാണ് താന്‍ നാല്‍പ്പതിടത്ത് ഭൂമി വാങ്ങിയെന്ന് വിജിലന്‍സിനോട് ഇതിനോടകം ബാബുറാം മൊഴി നല്‍കി കഴിഞ്ഞു. എന്നാല്‍ നൂറ് കോടിയുടെ ഭൂമി ബാബുറാമിന്റെ പേരിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കാത്ത വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."