പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. സംസ്ഥാനത്ത് ഏറെ വിവാദമായ അനേകം കേസുകളിൽ തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ പ്രമുഖയാണ് ഡോ. ഷേർളി വാസു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജനായിരുന്നു ഡോ. ഷേർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഡോ. ഷേർളി വാസുവിന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ്. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ 1979ലാണ് ഡോ. ഷേർളി വാസു എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനം തുടങ്ങി. രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ൽ ഡോ. ഷെർളിക്ക് അവസരം ലഭിച്ചു.
സൗമ്യ വധക്കേസ് ഉൾപ്പെടെയുള്ള പലകേസിലും നിർണയ പങ്കുവഹിച്ച വ്യക്തിയാണ് ഡോ. ഷേർളി വാസു. ഹൃദയാഘാതം മൂലമാണ് മരണം. സംസ്കാരം പിന്നീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."