തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
തൃശ്ശൂർ: കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് തിരുവോണ ദിനത്തിൽ യൂത്ത് കോൺഗ്രസ് 'കൊലച്ചോറ് സമര'വുമായി രംഗത്ത്. തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം. മർദനത്തിൽ ഉൾപ്പെട്ട പൊലിസുകാരുടെ മുഖംമൂടിയും പൊലിസ് വേഷവും ധരിച്ചെത്തിയാണ് പ്രവർത്തകർ സമരം നടത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധിക്കുകയും ചെയ്തു.
2023 ഏപ്രിൽ 5-നാണ് കോൺഗ്രസ് പ്രവർത്തകനായ വി.എസ്. സുജിത്തിന് കസ്റ്റഡിയിൽ വെച്ച് ക്രൂരമർദനം ഏറ്റത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മർദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായത്. മർദനം ഒതുക്കാൻ പൊലിസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്ന് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനും സമാനമായ വാഗ്ദാനം ലഭിച്ചതായി സുജിത്ത് വ്യക്തമാക്കി. എന്നാൽ, നിയമവഴിയിൽ തുടരുമെന്ന് സുജിത്ത് പ്രതികരിച്ചതോടെ പൊലിസ് പിന്മാറുകയായിരുന്നു.
സംഭവത്തിൽ പൊലിസ് ഡ്രൈവറായിരുന്ന സുഹൈർ ഉൾപ്പെടെ അഞ്ച് പേർ മർദനത്തിൽ പങ്കാളികളാണെന്ന് സുജിത്ത് ആരോപിക്കുന്നു. എന്നാൽ, സുഹൈർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. നിലവിൽ സുഹൈർ റവന്യൂ വകുപ്പിൽ ജോലി ചെയ്യുകയാണ്. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് സുജിത്ത് കാരണം തിരക്കിയതാണ് മർദനത്തിന് കാരണം.
പ്രതികൾക്ക് പൊലിസ് തന്നെ സംരക്ഷണം നൽകിയെന്നും ആരോപണമുണ്ട്. ദുർബല വകുപ്പുകളാണ് കേസിൽ ചുമത്തിയത്. ലോക്കപ്പ് മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഐപിസി 323 (കൈകൊണ്ട് അടിച്ചതിന് ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം) മാത്രമാണ് ചുമത്തിയത്. നാല് പൊലിസുകാർക്ക് മൂന്ന് വർഷത്തെ പ്രമോഷൻ വിലക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് വിലക്കും ഏർപ്പെടുത്തി. തുടർനടപടികൾ കോടതി തീരുമാനത്തിന് വിട്ടിരിക്കുകയാണ് പൊലിസ്.
On Thiruvonam day, Youth Congress held a 'Kolachoru Samaram' protest in front of the Thrissur DIG office, condemning the custodial violence in Kunnamkulam. Activists, wearing police masks, staged a symbolic protest with banana leaves near the barricades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."