ബാബുവിന്റെ മകളുടെ ലോക്കറില്‍ 120 പവന്‍ സ്വര്‍ണംകൂടി
കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലന്‍സ് സംഘം പരിശോധന തുടരുന്നു. ഇന്നലെ തമ്മനം യൂനിയന്‍ ബാങ്ക് ശാഖയില്‍ കെ. ബാബുവിന്റെ രണ്ടാമത്തെ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ വിജിലന്‍സ് സംഘം തുറന്ന് പരിശോധിച്ചു. 120 പവന്‍ സ്വര്‍ണാഭരണമാണ് ഈ ലോക്കറില്‍ നിന്ന് കണ്ടെടുത്തത്. ഐശ്വര്യയുടെ പേരില്‍തന്നെ തമ്മനം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള ലോക്കറില്‍ നിന്ന് കഴിഞ്ഞ ദിവസം 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഐശ്വര്യയുടെയും ഭര്‍ത്താവ് വിപിന്റെയും പേരിലുള്ളതാണ് ഇന്നലെ പരിശോധിച്ച ബാങ്ക് ലോക്കര്‍. വിപിന്റെ സാന്നിധ്യത്തിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചത്. കണ്ടെടുത്ത സ്വര്‍ണം ലോക്കറില്‍തന്നെ സീല്‍ ചെയ്തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് സമര്‍പ്പിക്കും. കെ. ബാബു മകള്‍ക്ക് സ്ത്രീധനമായി നല്‍കിയതാണ് ഈ സ്വര്‍ണമെന്നാണ് വിജിലന്‍സ് ആരോപണം.
എന്നാല്‍, ഐശ്വര്യയുടെ ഭര്‍ത്താവ് വിപിന്‍ മാധ്യമങ്ങളോട് ഈ ആരോപണം നിഷേധിച്ചു. പരമ്പരാഗതമായി തങ്ങളുടെ കുടുംബസ്വത്തിന്റെ ഭാഗമാണ് ഈ സ്വര്‍ണാഭരണങ്ങളെന്നും ഇത് കുടുംബത്തിലുള്ളവരുടെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തന്റെ കുടുംബം തേനിയില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ചും വിജിലന്‍സ് തെറ്റിദ്ധാരണ പരത്തുകയാണ്. 2008ലാണ് തേനിയില്‍ ഭൂമി വാങ്ങിയത്. 2012ലാണ് ഐശ്വര്യയെ താന്‍ വിവാഹം കഴിച്ചത്. തന്റെ പിതാവിന്റെ പേരും ബാബു എന്നാണ്. ഇത് തെറ്റിദ്ധരിച്ചാണ് തേനിയിലെ ഭൂമി കെ. ബാബുവിന്റേതാണ് എന്ന് വിജിലന്‍സ് പറയുന്നത്. ഇന്നലെത്തന്നെ കെ. ബാബുവിന്റെ പേരില്‍ തൃപ്പൂണിത്തുറ എസ്.ബി.ടിയിലുള്ള ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചെങ്കിലും ഇതില്‍ നിന്ന് കേസിന് ആസ്പദമായ ഒന്നും കിട്ടിയില്ല.
അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെ.ബാബുവിന്റെ മക്കളുടെ കൈയില്‍ നിന്ന് ഇതോടെ മൊത്തം 300 പവനോളം സ്വര്‍ണമാണ് വിജിലന്‍സ് കണ്ടെടുത്തത്. ഐശ്വര്യയുടെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറുകില്‍ നിന്നായി 237 പവനും ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കിലുള്ള ലോക്കറില്‍ കഴിഞ്ഞ ദിവസം 36 പവനും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 പവനും കണ്ടെടുത്തിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."