പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
ലാഹോർ: പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബജൗർ ജില്ലയിലെ ഖാർ തെഹ്‌സിലിലുള്ള കൗസർ ക്രിക്കറ്റ് മൈതാനത്താണ് സ്ഫോടനം നടന്നത്. ഒരു ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് ബജൗർ ജില്ലാ പൊലിസ് ഓഫീസർ വഖാസ് റഫീഖ് സ്ഥിരീകരിച്ചു.
സ്ഫോടനത്തെ തുടർന്ന് മൈതാനത്ത് കനത്ത പുക ഉയരുന്നതും, കളിക്കാരും കാണികളും പരിഭ്രാന്തരായി ഓടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ,നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ ആക്രമണം കഴിഞ്ഞ മാസം ആരംഭിച്ച ഓപ്പറേഷൻ സർബാകാഫിനോടുള്ള പ്രതികാര നടപടിയായിരിക്കാമെന്നാണ്. ഭീകരവാദം തടയുന്നതിനായി പാകിസ്താൻ സുരക്ഷാസേന ആരംഭിച്ച ഈ സൈനിക ഓപ്പറേഷൻ ഖൈബർ പഖ്‌തൂൺഖ്വ, ബലൂചിസ്താൻ മേഖലകളിലെ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.
ഈ സംഭവത്തിന് മുമ്പ്, കഴിഞ്ഞ ആഴ്ച ഖൈബർ പഖ്‌തൂൺഖ്വയിലെ ഒരു പൊലിസ് സ്റ്റേഷന് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിൽ ഒരു പൊലിസ് കോൺസ്റ്റബിളിനും ഒരു സാധാരണക്കാരനും പരിക്കേറ്റിരുന്നു. കൂടാതെ, ആക്രമണകാരികൾ ഒരു പൊലിസ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ആക്രമണം പരാജയപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സ്ഫോടനം പ്രദേശത്തെ സുരക്ഷാ വെല്ലുവിളികളെ വീണ്ടും ഉയർത്തിക്കാട്ടുന്നു. ഖൈബർ പഖ്‌തൂൺഖ്വയിൽ അടുത്തിടെ ഭീകര പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിൽ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ പൊലിസ് സ്റ്റേഷനുകൾക്കും ചെക്ക്പോസ്റ്റുകൾക്കും നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."