ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി. ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും, അതിനായി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ അഭ്യർത്ഥിച്ചു.
തന്റെ സ്ഥാനാർത്ഥിത്വം വ്യക്തിപരമായ നേട്ടങ്ങൾക്കല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണെന്ന് റെഡ്ഡി വ്യക്തമാക്കി. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസഭയെ യഥാർത്ഥ സംവാദ വേദിയാക്കി മാറ്റുമെന്നും, പാർലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്ന് മുക്തമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സഭാ നടപടികളിൽ നിഷ്പക്ഷത ഉറപ്പാക്കുകയും എല്ലാ അംഗങ്ങളുടെയും അന്തസ്സ് കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്നും റെഡ്ഡി കുറിപ്പിൽ പറഞ്ഞു.
ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ തെലുഗു ദേശം പാർട്ടി (ടിഡിപി), ബിആർഎസ് തുടങ്ങിയ പാർട്ടികളിൽ സമ്മർദം ചെലുത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തന്ത്രം. എൻഡിഎയുടെ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഈ മാസം ഒൻപതിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."