മോദിയും പിണറായിയും ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കളിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കെ.പി.സി.സി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി മോദിക്ക് പഠിക്കുകയാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂര്‍ ജില്ല രാഷ്ട്രീയ കൊലപാതകങ്ങളാല്‍ കലുഷിതമായിട്ടും സര്‍വകക്ഷിയോഗം വിളിക്കാനോ സമാധാന ശ്രമങ്ങള്‍ക്കോ മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നില്ല. കൊല്ലുന്നവര്‍ കൊല്ലട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാം തരംതിരിച്ചു കാണുന്ന പിണറായി മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കുന്നു. എല്ലാവര്‍ക്കും തുല്യനീതി നല്‍കാന്‍ ബാധ്യസ്ഥനാണ് മുഖ്യമന്ത്രി. എന്നാല്‍ മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിച്ചതു മുതല്‍ അദ്ദേഹവും മോദിയും അടുത്ത ബന്ധത്തിലാണ്. ഒരേ നയങ്ങളാണവര്‍ നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് ജനജീവിതം പൊള്ളുകയാണ്. 805 കോടിയുടെ അധികനികുതി ബാധ്യത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചതു മാത്രമാണ് സര്‍ക്കാരിന്റെ നൂറുദിവസത്തെ സമ്മാനം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെട്രോളിനും ഡീസലിനും വില ഉയര്‍ന്നപ്പോള്‍ നാലു പ്രാവശ്യമാണ് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി വേണ്ടെന്നുവച്ചത്. ഇപ്പോള്‍ ആഗോളവിപണിയില്‍ ക്രൂഡോയിലിന് വില താഴ്ന്നിട്ടും പെട്രോളിനും ഡീസലിനും പൊള്ളുന്ന വിലയാണ്. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹനയങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന കാര്യത്തില്‍ മോദിയും പിണറായിയും മത്സരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. മോദി ഇക്കാര്യത്തില്‍ ഗവേഷണം തന്നെ നടത്തുകയാണ്. തീരദേശ മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയെ കടുത്ത നഷ്ടത്തിലേക്കും വിലയിടിവിലേക്കും തള്ളിവിടുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹനയം തിരുത്തുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, എം.എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, കെ.മുരളീധരന്‍, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ലാലി വിന്‍സന്റ്, ഭാരതീപുരം ശശി, എ.കെ മണി, ബിന്ദുകൃഷ്ണ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."