സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
മുംബൈ: പ്രശസ്ത മലയാള സിനിമാ സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എളമക്കര പൊലിസ് സ്റ്റേഷനിൽ നിന്നെത്തിയ സംഘമാണ് സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലിസ് സംഘം ഇന്ന് രാത്രി ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിക്കുമെന്നും, നാളെ രാവിലെ 10 മണിയോടെ കൊച്ചിയിലെ എളമക്കരയിൽ എത്തിക്കുമെന്നും അറിയിച്ചു. നടി മഞ്ജു വാര്യർ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നേരത്തെ, തന്നെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. കൊച്ചി പൊലിസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2022-ൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും, മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഡിസംബറിൽ മഞ്ജു വാര്യരും മകളും ജീവന് ഭീഷണി നേരിടുന്നുവെന്ന് അവർ പറഞ്ഞതിന്റെ ശബ്ദരേഖ പുറത്തുവിട്ടപ്പോൾ, ആദ്യം അത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ ശ്രമങ്ങൾ നടന്നതായി സനൽകുമാർ ആരോപിച്ചു. എന്നാൽ, ശബ്ദരേഖ പുറത്തായതിന് പിന്നാലെ തനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തതായും, അതിലും മഞ്ജു വാര്യർ മൊഴി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"എനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരു റിപ്പോർട്ടും പൊലിസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. അറസ്റ്റ് വാറണ്ടോ, വിധിയോ, ചാർജ് ഷീറ്റോ ഇല്ല. എന്നിട്ടും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്? ഏത് നടപടിക്രമം അനുസരിച്ചാണ് ഇത്? മഞ്ജു വാര്യരുടെ മൊഴി എന്തുകൊണ്ടാണ് പൊലിസ് രേഖപ്പെടുത്താത്തത്? നടപടിക്രമങ്ങൾ പാലിക്കാതെ, ഞാൻ ഉന്നയിക്കുന്ന വിഷയങ്ങൾ മൂടിവെക്കാൻ ലക്ഷ്യമിട്ട് എന്നെ വേട്ടയാടുകയാണ്. പത്രപ്രവർത്തകർ ഇത് ചോദ്യം ചെയ്തില്ലെങ്കിൽ, നിങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണല്ല, ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങൾ ഉറക്കെ ചോദിക്കൂ," സനൽകുമാർ ശശിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."