കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരനടക്കം രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. പാകിസ്ഥാൻ സ്വദേശിയായ റഹ്മാൻ എന്ന ഭീകരനെയാണ് ഏറ്റവും ഒടുവിൽ വധിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലിസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിൽ ഓപ്പറേഷനാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഗുദ്ദർ വനമേഖലയിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനോട് പ്രതികരിച്ച സുരക്ഷാ സേനയുടെ തിരിച്ചടിയിൽ ഒരു ഭീകരനെ ആദ്യം വധിച്ചിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ റഹ്മാനും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ (ജെസിഒ) ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ഇപ്പോഴും തിരച്ചിൽ ഓപ്പറേഷൻ തുടരുകയാണ്. “ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലിസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യവും സിആർപിഎഫും ചേർന്ന് ഗുദ്ദർ വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചു.അതോടെ സുരക്ഷാ സേനയുടെ നേർക്ക് ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു,”എന്ന് ചിനാർ കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."