സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
പാലക്കാട്: വ്യവസായ സ്മാർട് സിറ്റി കോൺക്ലേവ് പരിപാടിയിൽ ആളില്ലാത്തതിന് ഉദ്‌ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് എന്ന് ചോദിച്ച മുഖ്യമന്ത്രി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇകഴ്ത്തിക്കാട്ടുകയാണ് എന്നും പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സംഘടിപ്പിച്ച വ്യവസായ സ്മാർട് സിറ്റി കോൺക്ലേവിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
‘‘ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ ഒരു പരിപാടി നടത്തേണ്ടത്. നാടിന്റെ വികസനം ജനം അറിയാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അതിനാൽ അറിയേണ്ടവർ ഇതൊന്നും അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇകഴ്ത്തിക്കാട്ടുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ സർക്കാരിന്റെ പരിപാടിയിലേക്ക് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കും സ്ഥലം എംപി വി.കെ.ശ്രീകണ്ഠനും ക്ഷണമില്ലാത്ത വിവാദമായി. സംഭവത്തിൽ പരിപാടിയെക്കുറിച്ച് തന്നെ അറിയിക്കാതിരുന്നത് വളരെ മോശമായി എന്ന് വി.കെ ശ്രീകണ്ഠൻ പരസ്യപ്രതികരണം നടത്തിയപ്പോൾ പ്രതികരിച്ചില്ലെങ്കിലും മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പാലക്കാട് ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയാണ് കെ.കൃഷ്ണൻ കുട്ടി.
മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കഞ്ചിക്കോടിനെ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു കോൺക്ലേവ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."