നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
കൊച്ചി: നടിയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച ശേഷം, എളമക്കര പൊലിസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്റ്റംബർ 8, 2025-ന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
2025 ജനുവരി മുതൽ നടിക്കെതിരെ ഫേസ്ബുക്കിലൂടെ സനൽകുമാർ ശശിധരൻ നടത്തിയ പ്രചാരണമാണ് കേസിന് കാരണമായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ, 2019 മുതൽ താനും നടിയും പ്രണയത്തിലാണെന്നും, കേരള പൊലിസാണ് തന്റെ പ്രണയത്തിന് തടസ്സം നിൽക്കുന്നതെന്നും സനൽകുമാർ ആരോപിച്ചു. “രണ്ട് മനുഷ്യർ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തെങ്കിലും തടസ്സമുണ്ടോ? എന്റെ ജീവന് ഭീഷണിയുണ്ടായപ്പോഴാണ് ഞാൻ നാടുവിട്ടത്,” അദ്ദേഹം പറഞ്ഞു.
താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും, മാസപ്പടി വാങ്ങിയിട്ടില്ലെന്നും, 7 ലക്ഷം കോടി കടമുണ്ടാക്കിയിട്ടില്ലെന്നും സനൽകുമാർ പറഞ്ഞു. ഒരു സ്ത്രീയെ “സെക്സ് മാഫിയ” തടവിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കേസിൽ പൊലിസ് അന്വേഷണം തുടരുകയാണ്, സനൽകുമാറിനെ കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."